കൊച്ചി: ഈ അദ്ധ്യയനവർഷം മുതൽ നഴ്‌സറി തൊട്ട് അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ വേണമെന്ന നിർദ്ദേശത്തിൽ ആശയക്കുഴപ്പത്തിലായി സി.ബി.എസ്.ഇ സ്‌കൂളുകൾ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ചുവടുപിടിച്ചാണ് സി.ബി.എസ്.ഇയുടെ നിർദ്ദേശം. വേനലവധി അവസാനിക്കുന്നതിനു മുമ്പ് ഇതിനായി പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും അക്കാഡമിക് വിഭാഗം ഡയറക്ടർ ഡോ. പ്രഗ്യ എം. സിംഗിന്റെ കത്തിൽ നിർദ്ദേശിക്കുന്നു.
രാജ്യത്തെ മുപ്പതിനായിരത്തിലേറെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിലവിൽ ഇംഗ്ലീഷിലാണ് അദ്ധ്യയനം.
നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെ (അടിസ്ഥാന ഘട്ടം) കുട്ടികളെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കണമെന്ന നിർദ്ദേശം 2023ൽ പൊതുചർച്ചയായെങ്കിലും നടപ്പാക്കിയിരുന്നില്ല. കുട്ടികൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ ഏറെയെളുപ്പം മാതൃഭാഷയിലാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. മൂന്ന് മുതൽ അഞ്ചു വരെ മാതൃഭാഷയോ പ്രാദേശിക ഭാഷയോ എന്നാണ് നിർദ്ദേശമെങ്കിലും ഇവയല്ലാത്ത മറ്റൊരു ഭാഷയിലും പഠനത്തിന് അവസരം നൽകും.
വിതരണം ചെയ്ത പുസ്തകങ്ങൾ മാറ്റേണ്ടി വരും?
ഇംഗ്ലീഷ് പഠിക്കാൻ മക്കളെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ അയച്ച മാതാപിതാക്കൾ പുതിയ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്നതാണ് പ്രധാന പ്രശ്നം. പുതിയ നിർദ്ദേശം ജൂലായ് മുതൽ പ്രാബല്യത്തിൽ വരുമെന്നതും സ്‌കൂളുകളുടെ ആശങ്കയേറ്റുന്നു. സ്‌കൂളുകളിൽ പുസ്തക വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. മാതൃഭാഷയിലുള്ള പഠനം ഈവർഷം സാദ്ധ്യമാകണമെങ്കിൽ പുസ്തകങ്ങൾ മാറേണ്ടി വരുമെന്നും ആശങ്കയുണ്ട്. പുസ്തകങ്ങൾ പരിഭാഷപ്പെടുത്തേണ്ടി വരുമെന്നതും പ്രതിസന്ധിയാണ്. നിലവിൽ എൻ.സി.ഇ.ആർ.ടിയുടെ ഒന്ന്, രണ്ട് ക്ലാസ് പുസ്തകങ്ങൾ 22 ഭാഷകളിൽ ലഭ്യമാണ്.
സി.ബി.എസ്.ഇയുടെ നിർദ്ദേശങ്ങൾ
സ്‌കൂളുകളിൽ നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് (എൻ.സി.എഫ്) നടപ്പാക്കുന്നതിനുള്ള സമിതി രൂപീകരിക്കണം
മാതൃഭാഷയിലെ അദ്ധ്യയനത്തിനുള്ള രൂപരേഖ ഉപസമിതി തയാറാക്കണം
പഠന സഹായികളും മറ്റ് ക്രമീകരണങ്ങളും ഉൾപ്പെടെയുള്ളവ ഉപസമിതിയുടെ ചുമതലയാണ്
ഓരോ മാസവും അഞ്ചിന് മുൻപു പുരോഗതി സി.ബി.എസ്.ഇയെ അറിയിക്കണം.
ആശങ്ക
പുസ്തകങ്ങളുടെ പരിഭാഷപ്പെടുത്തൽ
മാതൃഭാഷയിലേക്ക് വേഗത്തിലുള്ള ചുവടുമാറ്റം
സമയബന്ധിതമായി പ്രാവർത്തികമാക്കാൻ കഴിയുമോ
മുമ്പ് എൻജിനിയറിംഗ് പഠനം മാതൃഭാഷയിലാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അത് നടപ്പായില്ല. അതിനു സമാനമായി മാത്രമേ സി.ബി.എസ്.ഇ നിർദ്ദേശത്തെയും കാണാനാകൂ. പഠനം മാതൃഭാഷയിലേക്ക് മാറ്റുന്നതിന് പകരം സി.ബി.എസ്.ഇ സ്‌കൂളുകളിൽ മുഴുവൻ മലയാളം പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുകയാവും നല്ലത്.
ഡോ.ടി.പി. സേതുമാധവൻ
വിദ്യാഭ്യാസ വിദഗ്‌ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |