കൊച്ചി: എൻജിനിയറിംഗ് പ്രവേശനത്തിൽ കേന്ദ്രസിലബസിലെ വിദ്യാർത്ഥികളെ പിന്തള്ളുന്ന രീതിയിൽ മാർക്ക് സമീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള ആരോപിച്ചു. സംസ്ഥാന പരീക്ഷാബോർഡുകൾ വിഷയങ്ങൾക്ക് നൽകുന്ന ശരാശരിമാർക്ക്, ശരാശരിയിൽനിന്നുള്ള വ്യത്യാസം, ദേശീയതലത്തിൽ വിഷയങ്ങൾക്ക് ലഭിക്കുന്ന ശരാശരി, ശരാശരിയിൽനിന്നുള്ള വ്യതിയാനം എന്നിവ കണക്കിലെടുക്കുന്ന ഫോർമുലയാണ് 2024 വരെ എൻജിനിയറിംഗ് പ്രവേശന മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. സംസ്ഥാന ബോർഡുകളുടെ ഉയർന്ന മാർക്കുമാത്രം പരിഗണിക്കുന്ന രീതിയാണ് ഇക്കുറി സ്വീകരിച്ചത്. കേന്ദ്ര സിലബസുകളിൽ പൂർണമാർക്ക് നേടുക എളുപ്പമല്ലാത്തതിനാൽ സി.ബി.എസ്.ഇയിൽ പഠിച്ചവർക്ക് ഇത് ദോഷകരമാകും.
സി.ബി.എസ്.ഇ വിദ്യാർത്ഥികളെ പിന്നിലാക്കുന്ന വിധത്തിൽ കൈക്കൊണ്ട മാർക്ക് പുനഃക്രമീകരണം ഉന്നത സ്കോർ നേടി തുടർപഠനത്തിന് തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലും പ്രതിസന്ധിയിലുമാക്കി.
മെരിറ്റിന് തുല്യപ്രാധാന്യം നൽകാതെ കേന്ദ്ര സിലബസിൽ പഠിച്ചതിനാൽ അർഹതപ്പെട്ട ഉന്നതപഠന പ്രവേശന പരീക്ഷമാനദണ്ഡങ്ങളിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനം ഖേദകരമാണ്.
മികച്ച അക്കാഡമിക് നിലവാരമുള്ളവർക്ക് അർഹിക്കുന്ന ഉന്നതപഠനത്തിന് അവസരം ഉറപ്പാക്കണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് കൊച്ചിയിൽ ചേരുന്ന സി.സി.എസ്.കെ ഭാരവാഹികളുടെ യോഗം നിയമപരമായും പ്രായോഗികമായും സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |