ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖൻ സ്വാമി ശ്രീനാരായണ തീർത്ഥർ സ്ഥാപിച്ച കോട്ടയത്തെ കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂളിന്റെ നവതി ആഘോഷത്തിന് തുടക്കം. ഇന്ന് രാവിലെ 5ന് ഗുരുപൂജയോടെ ആരംഭിക്കും. നാളെ ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ 59-ാമത് സമാധി സ്‌മൃതി സമ്മേളനവും മഹായതി പൂജയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന ആശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചടങ്ങുകളിൽ സാംസ്കാരിക,
രാഷ്ട്രീയ രംഗത്തെ പ്രമുഖരും സന്യാസ ശ്രേഷ്ഠരും പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും.
ചടങ്ങുകളിലേക്ക് എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും എ.വി. ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദയും അഭ്യർത്ഥിച്ചു. ഗുരുദേവ ദർശനം ഉൾക്കൊണ്ട് വിദ്യാഭ്യാസം, ശുചിത്വം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകിയ സ്വാമി ശ്രീനാരായണ തീർത്ഥർ കുറിച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് പ്രവർത്തിച്ചിരുന്നത്. പാമ്പാടി ശിവദർശന ക്ഷേത്രത്തിലും ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലും സേവനം നടത്തി. കുട്ടനാട്, നീലംപേരൂർ എന്നിവിടങ്ങളിലും സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകി. സമൂഹത്തിന് ശുചിത്വബോധം പകർന്നുനൽകി. നവോത്ഥാന പ്രവർത്തനങ്ങൾക്കും ഗുരുദേവദർശനം പ്രചരിപ്പിക്കുന്നതിനുമായി നിരവധി ചെറുകൂട്ടായ്മകൾ രൂപീകരിച്ചു. അതുവഴിയാണ് കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ ആദ്യകാല ശാഖകൾ വന്നുചേർന്നത്. എല്ലാ വിഭാങ്ങൾക്കും പഠനത്തിന് അവസരമില്ലാത്ത കാലത്ത് അദ്ദേഹം സ്കൂൾ സ്ഥാപിച്ചു. പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ സാദ്ധിച്ചു. ഇവിടെനിന്ന് പഠിച്ചിറങ്ങിയവർ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിലെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഘടന വർഷംതോറും സാഹിത്യ കലാ മത്സരങ്ങളും സ്കോളർഷിപ്പുകളും അനുസ്മരണ സമ്മേളനവും നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |