
തിരുവനന്തപുരം: 40-ാമത് വിവാഹ വാർഷിക ദിനത്തിൽ ഭാര്യ അനിതയ്ക്ക് ആശംസാകുറിപ്പുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. 'ഞങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായി തന്നെ ഒഴുകി, അതാണ് നാലു പതിറ്റാണ്ടുകളെ മധുരമാക്കുന്നത്"... എന്നുതുടങ്ങുന്ന കുറിപ്പാണ് കുടുംബ സമേതമുള്ള ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ പങ്കുവച്ചത്. 'നാലു പതിറ്റാണ്ടുകൾ ഒരു മനുഷ്യായുസിൽ നിസാരമായ കാലയളവല്ല. അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് 40 വർഷങ്ങൾ തികയുന്നു. ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും. ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരൾ
കടയുന്നുണ്ട്.
പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം.
നന്ദിയുണ്ട് ഒരുപാട്. അനിതയോട്... മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിനു, ഒപ്പം നടന്നതിനു, കൈപിടിച്ചതിനു, എന്റെ വസന്തവും സംഗീതവുമായതിനു!..." രമേശ് ചെന്നിത്തല കുറിച്ചു.
വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വീട്ടിൽ ഇന്നലെ ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കും ചെറുമകനുമൊപ്പം ഉച്ചയ്ക്ക് സദ്യ ഉണ്ടതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. ഇതൊഴിച്ചാൽ പതിവുപോലെ ഇന്നലെയും പരിപാടികളുടെ തിരക്കിലായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |