SignIn
Kerala Kaumudi Online
Friday, 12 June 2026 3.58 AM IST

ക്രൈസ്തവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാമെന്ന തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട: രമേശ് ചെന്നിത്തല

READ ENGLISH VERSION
ramesh-chennithala-

തിരുവനന്തപുരം: കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് നിർഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ടുപോയി കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേർന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. കേരളത്തിൽ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. ഇത് ജനങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേരളത്തിലെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. അവർക്കൊക്കെ അവരുടെ അഭിപ്രായങ്ങൾ പറയാനും അവരുടെ വിശ്വാസികളെ നേർവഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവർ തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് പറയാനുള്ളത്. ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്.

ഈ പരാമർശങ്ങളിൽ പങ്കില്ലെങ്കിൽ ബിജെപി നേതൃത്വം അതുതള്ളിക്കളയണം. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി, പാലാ രൂപതകളെയും ദീപിക പത്രത്തെയും നിശിതമായി വിമർശിച്ചിട്ടുള്ളത്. കേരളത്തിൽ അവർക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാനും വോട്ട് ചെയ്യാനും കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് വടക്കേ ഇന്ത്യയിൽ കാണുന്ന ഒരു പ്രത്യേക രോഗമാണ്. ആ രോഗം കേരളത്തിൽ ഉണ്ടാക്കുക എന്ന് പറയുന്നത് നമുക്ക് അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബിജെപിക്ക് അതിൽ ഉത്തരവാദിത്തമില്ലെങ്കിൽ ബിജെപി നേതൃത്വം അത് തള്ളി പറയുകയാണ് വേണ്ടത്.

ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വിറപ്പിച്ചു നിർത്താം എന്നാണോ ബിജെപി കരുതുന്നത്. അതൊന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ല. അങ്ങനെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാമെന്നുള്ള ഒരു രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. അത്തരമൊരു നയം സ്വീകരിച്ചാൽ ബിജെപി ഒറ്റപ്പെടുക മാത്രമേ ചെയ്യൂ.


കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ട് എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. യുഡിഎഫിന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ കഴിയും. നല്ല പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ ഇവിടെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ആളുകളല്ലേ. കഴിഞ്ഞ മൂന്നു നാല് മാസമായി കേരളം മുഴുവൻ നിരവധി തവണ സഞ്ചരിച്ചു എല്ലാ നിയോജക മണ്ഡലങ്ങളിലും പോയിട്ടുള്ള ഒരാൾ എന്ന നിലയിൽ എന്റെ നിരീക്ഷണം യുഡിഎഫിന് അനുകൂലമായ ഒരു സാഹചര്യം നിലവിലുണ്ട് എന്നുള്ളതാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA