തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ നടപടികൾ ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കിൽ അത് ആവർത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവാസികളോട് കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നിഷേധാത്മകസമീപനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് 140 നിയോജകമണ്ഡലങ്ങളിലും നടത്തിയ പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് നടയിൽ നിർവഹിക്കുകയായിരുന്നു ചെന്നിത്തല.
എല്ലാ കാര്യങ്ങളിലും യു ടേൺ അടിക്കുന്ന സർക്കാരാണിത്. ആദ്യം കേറിവാടാ മക്കളേ എന്നു പറഞ്ഞ മുഖ്യമന്ത്രിതന്നെ അവർ വരുന്നതിന് എതിരായി. ഇപ്പോൾ കൊവിഡ് ടെസ്റ്റിനു പകരം പി.പി.ഇ കിറ്റ് മതിയെന്നായി. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു പത്തുലക്ഷം രൂപയെങ്കിലും നൽകണം.
ലോക്ക് ഡൗൺ തുടങ്ങിയ സമയത്തുതന്നെ കൊണ്ടുവന്നിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാർട്ടേഡ് വിമാനത്തിൽ വരാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരണം. അതിനായി മുൻകൈയെടുത്ത കെ.എം.സി.സിയെയും ഇൻകാസിനെയും ചെന്നിത്തല അഭിനന്ദിച്ചു.
കൊവിഡ് കാലം സർക്കാരിന്റെയും സി.പി.എമ്മിന്റെയും കൊയ്ത്തുകാലമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പ്രവാസികളോട് കാട്ടുന്നത് കൊടിയ വഞ്ചനയാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരാണിത്.
യു.ഡി.എഫ്. നേതാക്കളായ സി.പി.ജോൺ, ബാബു ദിവാകരൻ, വി.എസ്. ശിവകുമാർ എം.എൽ.എ, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി. അനിൽകുമാർ, മൺവിള രാധാകൃഷ്ണൻ നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, സഹായദാസ്, വി.എസ്. മനോജ്കുമാർ, റ്റി. ബഷീർ എന്നിവർ സംസാരിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ ധർണ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |