തിരുവനന്തപുരം: പച്ചക്കറി സംഭരണത്തിലെ കർഷകരുടെ ആശങ്ക അവസാനിപ്പിക്കാൻ 'ഫാം ക്ളബുമായി' ഹോർട്ടികോർപ്പ്. എത്രത്തോളം വിളവുണ്ടെങ്കിലും അതെല്ലാം ഇനി ഹോർട്ടികോർപ്പിലൂടെ സംഭരിക്കാം. കൃഷി തുടങ്ങുമ്പോഴേ കർഷകർ ഇക്കാര്യം ഫാം ക്ളബിലൂടെ ഹോർട്ടികോർപ്പിൽ അറിയിക്കണം.
അടുത്തകാലം വരെ,പ്രതീക്ഷയേക്കാൾ വിളവ് ലഭിച്ചാൽ കർഷകന് ആധിയായിരുന്നു. ഇവ പൊതുവിപണിയിൽ വിറ്റുപോകില്ലെന്നത് മാത്രമല്ല,ഹോർട്ടികോർപ്പ് പോലും സംഭരിക്കില്ലായിരുന്നു. ഇതിനാൽ പച്ചക്കറി ഉത്പന്നങ്ങൾ തെരുവിൽ വലിച്ചെറിഞ്ഞുള്ള കർഷക സമരം വരെയുണ്ടായി.
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ എത്രത്തോളമുണ്ടാകുമെന്നതിനെപ്പറ്റി ധാരണ ഇല്ലാത്തതായിരുന്നു സംഭരണത്തിന് ഹോർട്ടികോർപ്പ് നേരിട്ടിരുന്ന വെല്ലുവിളി. ഇനി ഒരേ ഇനം ഉത്പന്നം വലിയ അളവിൽ ലഭിച്ചാൽ വിപണന സാദ്ധ്യതയുടെ പോരായ്മയാൽ ഹോർട്ടികോർപ്പ് സംഭരിച്ചിരുന്നില്ല. വില്പനയ്‌ക്കുള്ള സംവിധാനം നേരത്തെ ഒരുക്കി,കർഷകന്റെ മുഴുവൻ ഉത്പന്നങ്ങളും ഏറ്റെടുക്കുകയാണ് ക്ളബിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ കൃഷിഭവനിലും
കർഷകരുടെ ഉത്പന്നങ്ങളെക്കുറിച്ച് മുൻകൂർ വിവരശേഖരണം ലക്ഷ്യമിട്ടാണ് ഓരോ കൃഷിഭവനുകീഴിലും ഫാം ക്ളബ് രൂപീകരിക്കുന്നത്. ഏതൊക്കെ വിളകൾ,ലഭിക്കാൻ സാദ്ധ്യതയുള്ള ഉത്പന്നങ്ങളുടെ അളവ്,ഏതു മാസത്തിലാകും വിളവെടുപ്പ് എന്നിങ്ങനെയുള്ള വിവരങ്ങൾ കർഷകർ മുൻകൂട്ടി ഹോട്ടികോർപ്പിന് അറിയാനാകും. തുടർന്ന് ആഴ്ച തോറും കൃഷിഭവനുകളിലെത്തി സംഭരണം നടത്തും.
സംസ്ഥാനത്തെ കൃഷിഭവനുകളിൽ ഫാം ക്ളബ് രൂപീകരണം പൂർത്തിയാകുന്നു.
-അഡ്വ.എസ് .വേണുഗോപാൽ
ഹോർട്ടികോർപ്പ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |