ആലപ്പുഴ: വി.ഡി.സതീശൻ മിടുമിടുക്കനായ നേതാവെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. സതീശൻ പ്രസംഗത്തിലും പ്രവൃത്തിയിലും മികച്ചു നിൽക്കുന്നു. കോൺഗ്രസിന്റെ മുതൽക്കൂട്ടാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കൂടുതൽ സീറ്റു നൽകും. യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന രാഷ്ട്രീയപരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ ചരിത്രം പോരാട്ടത്തിന്റേതാണ്. കോൺഗ്രസിന്റെ ശക്തി യൂത്ത് കോൺഗ്രസാണ്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പുകളിലേക്ക് നല്ല പ്രവർത്തനങ്ങളുണ്ടാകണം. തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിൽ നിൽക്കണം. ചെറുപ്പക്കാരെ ആകർഷിക്കുന്ന നയം സ്വീകരിക്കണം. യുവാക്കൾക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ നൽകണം. ഏറ്റെടുക്കുന്ന സീറ്റുകളിൽ വിജയിക്കണം. സർക്കാരിന്റെ ജനദ്രോഹ നടപടികൾ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ,കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ക്യാമ്പ് സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷൻ 2025-26 അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |