ഇടിച്ച് ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞു
ബ്രേക്കിട്ട് വീഴ്ത്തി കാർ കയറ്റി കൊന്നു
എസ്.ഐയും കോൺസ്റ്റബിളും കസ്റ്റഡിയിൽ
നെടുമ്പാശേരി: ഇടറോഡിൽ കാറുകൾ മറികടന്നപ്പോൾ ചെറുതായുരസി. കലി തീർത്തത് യുവാവിനെ അതിക്രൂരമായി കാറിച്ച് കൊന്ന്. പ്രതികൾ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട കേന്ദ്രസേനാംഗങ്ങൾ.
അങ്കമാലി തുറവൂർ ആരിശേരിൽ വീട്ടിൽ ജിജോ ജെയിംസിന്റെ മകൻ ഐവിൻ ജിജോ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശേരി കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസിലെ ഷെഫ് ആയിരുന്നു. ബുധനാഴ്ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോടാണ് സംഭവം.
വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ ഉത്തർപ്രദേശ് സ്വദേശി വിനയകുമാർ ദാസും കോൺസ്റ്റബിൾ ബിഹാർ സ്വദേശി മോഹനുമാണ് പ്രതികൾ. ഇരുവരും മദ്യലഹരിയിലായിരുന്നു. കാറിടിപ്പിച്ചതോടെ ബോണറ്റിൽ വീണ ഐവിനുമായി ഒന്നരക്കിലോമീറ്റർ ഓടിച്ചു. സഡൻ ബ്രേക്കിട്ട് റോഡിൽ വീഴ്ത്തി കാർ കയറ്റിക്കൊന്നു. ബമ്പറിൽ കുടുങ്ങിയ ബോഡി വീണ്ടും വലിച്ചിഴച്ചു. ബോണറ്റിൽ വീണ യുവാവിനെ താഴെ വീഴ്‌ത്തി കാർ കയറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.
നാട്ടുകാരുടെ കൈയേറ്റത്തിൽ പരിക്കേറ്റ വിനയകുമാർ ദാസ് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഓടി രക്ഷപ്പെട്ട മോഹൻ ഒന്നുമറിയാത്തതു പോലെ ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും സി.ഐ.എസ്.എഫ് മദ്രാസ് യൂണിറ്റ് ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തു.
റൂറൽ എസ്.പി എം. ഹേമലത സംഭവ സ്ഥലം സന്ദർശിച്ചു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനയകുമാറിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഇയാൾ ഓടിച്ച മാരുതി എസ്‌പ്രസോ.
ഐവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് തുറവൂരിലെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പിതാവ് ജിജോ ജെയിംസ് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ആണ്. മാതാവ്: റോസ്‌മേരി (പാലാ മാർ സ്ലീവ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്റർ മാനേജർ). സഹോദരി: അലീന ജിജോ (നാറ്റ് വെസ്റ്റ് ഗ്രൂപ്പ് ഒഫ് ബാങ്കിംഗ്, ബംഗളൂരു).
പൊലീസ് വരുമെന്നായി;
ഇടിച്ചിട്ട് മുന്നോട്ട് പാഞ്ഞു
മാരുതി ആൾട്ടോ കാറിൽ ഐവിൻ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്ക് വരുമ്പോഴാണ് സംഭവം. സി.ഐ.എസ്.എഫുകാരുടെ കാറിനെ മറികടന്നപ്പോഴാണ് ഉരസിയത്. അസഭ്യം പറഞ്ഞശേഷം വിനയകുമാർ ദാസ് കാർ റിവേഴ്സ് എടുത്ത് തിരിച്ചുപോകാൻ ശ്രമിക്കവേ ഐവിൻ മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാൽ മതിയെന്നും പറഞ്ഞു. ഇതിനിടെയാണ് കാർ വേഗതയിൽ മുന്നോട്ടെടുത്ത് ഐവിനെ ഇടിച്ചതും മുന്നോട്ടു പാഞ്ഞതും. ഒന്നര കിലോമീറ്റർ അകലെ കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപം വരെ ബോണറ്റിൽ പിടിച്ചുകിടന്ന് അപേക്ഷിച്ചെങ്കിലും നിറുത്തിയില്ല. ഇവിടെയെത്തിയപ്പോൾ കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. റോഡിൽ വീണിട്ടും 15 മീറ്ററോളം ചക്രത്തിനടിയിലൂടെ നിരക്കിയ ശേഷമാണ് നിറുത്തിയത്. ദേഹമാകെ തുന്നിപ്പറിഞ്ഞ ഐവിൻ തൽക്ഷണം മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |