കണ്ണൂർ: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. ഷെറിൻ അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് വിവരം. നിലവിൽ ഷെറിൻ പരോളിലായിരുന്നു. പരോൾ കാലാവധി ഈ മാസം 22 വരെയാണ് ഉണ്ടായിരുന്നത്, എന്നാൽ അതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് ഇന്ന് കണ്ണൂർ വനിതാ ജയിലിലേക്ക് അതീവരഹസ്യമായി എത്തിയ ഷെറിൻ ഒപ്പിട്ട ശേഷം ഉടൻതന്നെ മടങ്ങിയെന്നാണ് വിവരം.
2009ൽ ഭർതൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിനും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. ആകെ 500 ദിവസത്തെ പരോളാണ് ശിക്ഷാകാലയളവിൽ ഷെറിന് ലഭിച്ചത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2010 ജൂൺ 11നാണ് കാരണവർ കൊലക്കേസിൽ വിധി വന്നതിനെ തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |