SignIn
Kerala Kaumudi Online
Thursday, 19 February 2026 7.10 AM IST

മനോഹരന്റെ കസ്റ്റഡി മരണം; മ‌‌ർദ്ദിച്ചത് എസ് ഐ മാത്രമാണെന്ന് പൊലീസ് കമ്മിഷണർ, കേസ് ക്രെെംബ്രാഞ്ച് അന്വേഷിക്കും

Increase Font Size Decrease Font Size Print Page
police

കൊച്ചി: തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ മനോഹരനെ മർദ്ദിച്ചത് എസ് ഐ മാത്രമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. മർദ്ദിച്ചെന്ന് തെളിഞ്ഞത് കൊണ്ടാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്. മറ്റ് പൊലീസുകാർ മർദ്ദിച്ചതിന് തെളിവുകളും സാക്ഷി മൊഴികളും ഇല്ലെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. എസ് എച്ച് ഒയ്‌ക്കെതിരെ ലഭിച്ച പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ച സംഭവം നടന്നത്. രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു. വണ്ടി നിറുത്താത്തത് ചോദ്യം ചെയ്ത പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി. പരിശോധനയിൽ മദ്യപിച്ചില്ല എന്ന് വ്യക്തമായതിന് പിന്നാലെ മനോഹരനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ മനോഹരൻ കുഴഞ്ഞു വീണു. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും പിന്നാലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മനോഹരന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ക്രെെംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

പൂർണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കിൽ അത് പൊലീസ് മർദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവർ ഉന്നയിച്ചു. സംഭവത്തിൽ എസ് ഐയെ മാത്രം സസ്പെൻഡ് ചെയ്ത നടപടിയിൽ അതൃപ്തിയും കുടുംബാംഗങ്ങൾ രേഖപ്പെടുത്തിയിരുന്നു.

TAGS: POLICE, MANOHARANS, POLICE COMMISSIONER, CUSTODIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY