SignIn
Kerala Kaumudi Online
Monday, 16 February 2026 4.37 AM IST

കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി.ജെ.റോയ് നിറയൊഴിച്ച് ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
s

ബംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയ് (57) ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടക്കവേ, സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. 9,500 കോടി രൂപയുടെ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ്.

ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു ദാരുണ സംഭവം. ഭാര്യ ലിനിറോയ്, മക്കളായ രോഹിത്, റിയ എന്നിവർ ബംഗളൂരുവിലെ വസതിയിലായിരുന്നു.

റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡിസംബർ 28നാണ് ആദ്യ റെയ്ഡ് നടത്തിയത്. ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തുകയും രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി.

ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുമ്പോൾ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാണ് വിവരം. മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കാൻ സ്വന്തം ചേംബറിലേക്ക് പോയ റോയ്, തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നു.

ശബ്ദം കേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും രക്തത്തിൽകുളിച്ച് ജീവനറ്റ നിലയിലായിരുന്നു. പൊലീസ് സഹായത്തോടെ സമീപത്തുള്ള നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോഴും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന തുടരുകയായിരുന്നു. മരണം നടന്നയുടനെ അവർ രണ്ട് ഇന്നോവ കാറുകളിൽ രേഖകളെല്ലാം എടുത്ത് സ്ഥലംവിട്ടു.

മരണത്തിന് പിന്നാലെ ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ, സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. ബന്ധുക്കൾ, ബിസിനസ് പങ്കാളികൾ, കുടുംബാംഗങ്ങൾ എന്നിവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്നും വാക്കുതർക്കമുണ്ടായില്ലെന്നും ആദായനികുതി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

റെയ്ഡിന്റെ പേരിൽ മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹമെന്നാണ് ജീവനക്കാർ അശോക് നഗർ പൊലീസിന് നൽകിയ മൊഴി. രാവിലെ മുതൽ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

ഇരുന്നൂറിലേറെ പ്രോജക്ടുകൾ

തൃശൂർ ചിരിയംകണ്ടത്ത് ജോസഫിന്റെ മകനായ റോയ് വളർന്നത് ബംഗളൂരുവിലാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദത്തിനുശേഷം സ്വിറ്റ്സർലൻഡിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ്‌ നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പി.യിലെ ജോലി രാജിവച്ചാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് തുടങ്ങുന്നത്. ഇതുവരെ 200ലേറെ റസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രൊജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

#ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. നാല് സിനിമകൾ നിർമ്മിച്ചു. രണ്ടുസിനിമകളിൽ നിർമ്മാണ പങ്കാളിയായിരുന്നു. രണ്ട് സിനിമകളിൽ മുഖംകാണിച്ചിട്ടുണ്ട്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.