SignIn
Kerala Kaumudi Online
Thursday, 23 April 2026 7.27 PM IST

ഭക്ഷണമില്ല, സ്‌കൂളുകൾ അടച്ചുപൂട്ടി, ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദ്ദേശം; പാകിസ്ഥാനിലെ ഈ നഗരത്തിൽ സംഭവിക്കുന്നത്

Increase Font Size Decrease Font Size Print Page
pakistan

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ സവിശേഷമായ സാഹചര്യം നിലനിൽക്കുകയാണ്. ലോക്ക്ഡൗണാണോ എന്ന് ചോദിച്ചാൽ, അതേ എന്ന് മറുപടി നൽകേണ്ടിവരും. തലസ്ഥാനത്തെ റോഡുകളുടെ ഒരു പ്രധാന ഭാഗം മുഴുവൻ അസ്വസ്ഥത ഉളവാക്കുന്ന തരത്തിൽ നിശബ്ദമാണ്. സ്‌കൂളുകളും കടകളും അടച്ചിട്ടിരിക്കുന്നു. സർക്കാർ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പോലെയുള്ള വൈറസാണോ ഇതിന് കാരണണെന്ന് ചോദിച്ചാൽ, അല്ല. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചിമേഷ്യയെ ശാന്തമാക്കാനുള്ള യുഎസ്- ഇറാൻ ചർച്ചകൾക്ക് വേദിയൊരുങ്ങുന്നതോടെയാണ് ഇസ്ലാമാബാദ് പാൻഡെമിക് ശൈലിയിലുള്ള അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്.

യുഎസ്- ഇറാൻ സമാധാന ചർച്ചകൾ നീട്ടിവച്ചെങ്കിലും ഇസ്ലാമാബാദിൽ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപോലെ തുടരുകയാണ്. ചർച്ച നടക്കുന്ന സ്ഥലത്തിന് സമീപമുള്ള 'റെഡ് സോൺ' പ്രദേശങ്ങളിൽ സുരക്ഷാ സേന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി പ്രധാന റോഡുകൾ, കടകൾ, സ്‌കൂളുകൾ എന്നിവ അടച്ചുപൂട്ടുകയും ഉദ്യോഗസ്ഥരോടും ഓഫീസ് ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

വിദേശ പ്രതിനിധികളുടെയും യുഎസ് കാർഗോ വിമാനങ്ങളുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി പ്രധാന റോഡുകൾ സമീപ ദിവസങ്ങളിൽ അടച്ചിട്ടിരുന്നു. എന്നാൽ ഉടൻ നടക്കുമെന്ന് അറിയിച്ച സമാധാന ചർച്ചകൾ നടക്കുന്നുമില്ല. തലസ്ഥാനത്തിന്റെ ലോക്ക്ഡൗൺ ദിവസം തോറും നീളുകയാണ്? നിയന്ത്രണങ്ങൾ സാധാരണക്കാരുടെ ഉപജീവനമാർഗത്തിന് തടസമാകുകയാണ്. ഇത് എത്ര കാലം തുടരുമെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്?

നിരാശയിൽ പാകിസ്ഥാനികൾ

'ശനിയാഴ്ച കുഴപ്പങ്ങൾ നിറഞ്ഞതായിരുന്നു. എന്റെ ഗ്രാമം മൂന്ന് മണിക്കൂർ ഡ്രൈവ് അകലെയാണെന്നത് എന്റെ ഭാഗ്യമാണ്. എന്നാൽ വിദൂര നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നുമുള്ള നിരവധി ആളുകൾക്ക് യുഎസ്-ഇറാൻ ചർച്ചകൾ നടക്കുന്നതുവരെ തങ്ങളെ താമസിക്കാൻ അനുവദിക്കണമെന്ന് സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും അപേക്ഷിക്കുകയാണ്'- ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹെൽത്ത് ഓഫീസർ അരീജ് അക്തർ ഒരു മാദ്ധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്.

ചർച്ചകൾ വൈകുന്നത് തുടർന്നപ്പോൾ, അക്തറിന്റെ നിരാശയും വർദ്ധിച്ചു. 'ഞങ്ങൾ ഒരു കൂട്ടിൽ ജീവിക്കുന്നത് പോലെയാണ്, ഞങ്ങൾക്ക് ജോലിയിലേക്ക് തിരികെ പോകാൻ കഴിയുന്നില്ല. എന്നെപ്പോലെയുള്ള പലർക്കും ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുക്കാൻ കഴിയില്ല, അതുകൊണ്ടാണ് ഞങ്ങൾ ഹോസ്റ്റലുകളിൽ താമസിക്കുന്നത്'- അക്തർ പറഞ്ഞു. ഇസ്ലമാബാദിൽ എർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് പാകിസ്ഥാനികൾ പറയുന്നു.

'ഞങ്ങൾക്ക് ഇവിടെ താമസിക്കണം. റെഡ് സോൺ കാരണം എല്ലാം അടച്ചുപൂട്ടി. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. കടകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല'- ഓഫീസ് ജീവനക്കാരനായ സൈനബ് അലി എഎഫ്പിയോട് പറഞ്ഞു. സാമ്പത്തികമായി അനിശ്ചിതത്വം നിലനിൽക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഈ ലോക്ക്ഡൗൺ രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസ് ഉടമകളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

ലോക്ക്ഡൗൺ എന്നാൽ ജോലിയില്ല എന്നാണ് അർത്ഥമാക്കുന്നത്, ജോലിയില്ല എന്നതിനർത്ഥം ഭക്ഷണമില്ല എന്നാണ്. സർക്കാർ ദരിദ്രരെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. നമ്മുടെ കുട്ടികളെ പോറ്റാൻ നമുക്ക് ജോലി ആവശ്യമാണെന്നാണ് പാക് സ്വദേശികൾ ഒരേ സ്വരത്തിൽ പറയുന്നത്. ചിലർ വീണ്ടും കൊവിഡ് കാലത്തേക്ക് രാജ്യം തിരിച്ചെത്തിയതുപോലെ തോന്നുന്നുണ്ടെന്ന് പറയുന്നു.


താറുമാറായി സമാധാന ചർച്ച
ഇറാൻ യുഎസ് സമാധാന ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്. യു.എസിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറാകില്ലെന്ന് പറയുന്നു. ഇറാന് അവരുടെ സമാധാന നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഇസ്ലാമാബാദിൽ നിശ്ചയിച്ച ചർച്ചകൾ പൂർത്തിയാക്കാനും വേണ്ടിയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിറുത്തൽ നീട്ടിയത്. എന്നാൽ, ഇറാൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘം ചർച്ചയ്ക്കായി ചൊവ്വാഴ്ച പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ എത്തേണ്ടതായിരുന്നു. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. എന്നാൽ ഇറാനിയൻ തുറമുഖങ്ങളിലെ യു.എസ് ഉപരോധം വിലങ്ങുതടിയായി. യുറേനിയം സമ്പുഷ്ടീകരണം നിറുത്തണം എന്നതടക്കമുള്ള യു.എസ് ഡിമാൻഡുകളും അസ്വീകാര്യമാണെന്ന് അറിയിച്ച ഇറാൻ, ചർച്ച ബഹിഷ്‌കരിച്ചു. ഇതോടെ വാൻസിന്റെ പാക് യാത്ര റദ്ദാക്കി.

സമാധാന കരാറിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ ഇറാൻ മദ്ധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുന്നത് അനുസരിച്ചായിരിക്കും ഇനി ചർച്ചകളുടെ ഭാവി. തങ്ങൾക്ക് മേലുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും അന്തിമ കരാറിലെത്തുംവരെ അത് സാദ്ധ്യമല്ലെന്ന് യു.എസ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ മറ്റ് കപ്പലുകളെ ഇറാനും കടത്തിവിടുന്നില്ല. ആഗോളതലത്തിൽ വിലക്കറ്റവും ഊർജക്ഷാമവും അടക്കം രൂക്ഷമായേക്കുമെന്നാണ് ആശങ്ക.

TAGS: PAKISTAN, INDIA, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.