കൊല്ലം: ഗവർണർമാരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറൽ സംവിധാനം അട്ടിമറിക്കാനും സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്താനുമുള്ള കേന്ദ്ര നീക്കം ഗൗരവമായി ചർച്ച ചെയ്യണം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നിലപാടുകളെ ശക്തമായി എതിർക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തീർക്കുകയാണ്.
സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറിയാണ് കേന്ദ്രം നിയമ നിർമ്മാണം നടത്തുന്നത്. ഇലക്ഷൻ കമ്മിഷന്റെ സ്വതന്ത്ര നിലനിൽപ്പ് പോലും അപകടത്തിലായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ ഇടപെടലിന്റെ മൂർത്തരൂപമാണ് കേരളത്തിൽ കാണുന്നത്. വി.സി നിയമനങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നതിനൊപ്പം യു.ജി.സി മാനദണ്ഡങ്ങളും ദുരുപയോഗം ചെയ്യുന്നു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കിഫ്ബിയെ ഇല്ലാതാക്കാനും ശ്രമിക്കുന്നു.
ഭരണ സംവിധാനങ്ങളെ നിർവീര്യമാക്കുകയും ഭരണഘടന തന്നെ മാറ്റിമറിക്കുകയുമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മതേതര രാഷ്ട്രമെന്ന അസ്ഥിത്വം മാറ്റി മതരാഷ്ട്രമാക്കാൻ കഴിയുമോയെന്നതാണ് സംഘപരിപാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |