തിരുവനന്തപുരം:സി.പി.എമ്മിനെ ഇന്നത്തെ നിലയിൽ വളർത്തിയെടുക്കുന്നതിൽ അതുല്യമായ പങ്കു വഹിച്ച നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിഎസിന്റെ പ്രവർത്തനത്തിൽ ഏറ്റവും മികവാർന്ന ഘട്ടമായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ. എല്ലാ മേഖലയിലും ഓടിയെത്തി പ്രശ്നങ്ങളിൽ ഇടപെട്ടു. തുറന്നു കാട്ടേണ്ടതിനെ തുറന്നു കാട്ടി. എതിർക്കേണ്ടതിനെ ശക്തമായി എതിർത്തെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി പിന്നീട് വി.എസ് എന്തോ നിലപാട് സ്വീകരിച്ചെന്ന വർത്തമാനങ്ങൾ വരുന്നുണ്ട്. എന്നാൽ, കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ നെൽവയൽ നികത്തിലിനെതിരെ വലിയ പ്രക്ഷോഭമാണ് വിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും അതിന്റെ വശമായിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയിലും അതുല്യമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.വികസന കാര്യങ്ങളിൽ നല്ല തോതിൽ ഇടപെട്ട വി.എസ് കേരളത്തിലെ ജനങ്ങളുടെയാകെ നേതാവായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിച്ച വി.എസ് ആരാണ് നേതാവെന്ന് കൃത്യമായി അടയാളപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നവകേരള സൃഷ്ടിക്കായുള്ള ഇടപെടൽ നടത്തി. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിച്ച വിപ്ലവകാരിയെന്ന് ചരിത്രം വി.എസിനെ അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ ആവശ്യകത മനസിലാക്കി പരിസ്ഥിതി സംരക്ഷണത്തിനായി വിഎസ് പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കാലത്തിനനുസരിച്ച് എന്താണ് സംസാരിക്കേണ്ടതതെന്നും എന്താശയമാണ് ഉൾക്കൊള്ളേണ്ടതെന്നുംഅദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
വിഎസ് പക്ഷമെന്ന് കേട്ടിട്ടുണ്ടെങ്കിലും ശരിയുടെ പക്ഷമായിരുന്നു വിഎസിന്റേതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.പരിസ്ഥി സംരക്ഷണത്തിന് അത്ര പരിഗണന കൊടുക്കാത്ത കാലത്ത് പോലും വിഎസ് അതിന് വേണ്ടി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് ഒരു പുരുഷായസ് മുഴുവൻ പ്രവർത്തിച്ചയാളാണ് വി.എസെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.തെറ്റ് തെറ്റാണെന്ന് കണ്ട് അത് തിരുത്തുന്നതുവരെ അക്ഷീണം സമരം കൊണ്ട് വി.എസ് പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിശാഗന്ധി ഓഡിറ്രോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മെത്രാപോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,സി.പി.എം ജില്ലാ സെക്രട്ടറി വി ജോയി,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.രാജീവ്, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്,ആന്റണി രാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |