തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടൻ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
എല്ലാ ഒഴിവുകളും യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. 5- 2-21നും 3-8-21നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 4-8-21 വരെ ദീർഘിപ്പിച്ചു. ഇതിനിടയിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനും നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്താനും നിർദ്ദേശം നൽകി. സീനിയോറിട്ടി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷനുകൾ തടസപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ റഗുലർ പ്രൊമോഷനുകൾ നടത്താൻ തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താത്കാലികമായി തരംതാഴ്ത്തി, ഒഴിവുകൾ റിപ്പോർട്ട് ചെയ്യും.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിമാരുൾപ്പെട്ട സമിതിയുമുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാൽ ചട്ടങ്ങളോ റിക്രൂട്ട്മെന്റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിൽ വന്നടിഞ്ഞിട്ടുള്ള എക്കലും മണ്ണും നീക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തിൽ വന്നടിഞ്ഞിട്ടുള്ള മാലിന്യം, മണ്ണ്, എക്കൽ, മണൽ, പാറ, മരങ്ങൾ എന്നിവയുടെ മിശ്രിതം മാറ്റാനുള്ള പൊതുനിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. മുൻ വർഷങ്ങളിലുണ്ടായ പ്രളയങ്ങളിലും ഉരുൾപൊട്ടലിലും അടിഞ്ഞു കൂടിയ എക്കൽ മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ ഇതുവഴി കഴിയും.ഇതിനാവശ്യമായ തുക കണക്കാക്കി ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ശുപാർശയോടെ ദുരിതാശ്വാസ കമ്മിഷണർക്ക് സമർപ്പിക്കുന്ന മുറയ്ക്ക് അനുമതി ലഭ്യമാക്കും. വന്നടിഞ്ഞിട്ടുള്ള മാലിന്യങ്ങൾ മാറ്റി ജലഗതാഗതം സുഗമമാക്കാനുള്ള എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |