തിരുവനന്തപുരം : സി.എം.ആർ. എല്ലിന് സർക്കാരിൽ നിന്ന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനായ മാത്യു കുഴൽനാടൻ എം.എൽ.എയോട് പ്രത്യേക വിജിലൻസ് കോടതി നിർദ്ദേശിച്ചു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ ഖനനം നടത്തുമ്പോൾ എന്ത് ആദായമാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്സാലോജിക് കമ്പനിക്കും ലഭ്യമാകുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കേണ്ടതുണ്ട്. മാത്രമല്ല പൊതുമേഖല സ്ഥാപനമായ കെ.എം.എം.ആർ.എല്ലിന് സി.എം.ആർ.എല്ലുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്.
മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണോ കെ. എം.എം.ആർ.എൽ, ഐ.ആർ.ഇ എന്നിവിടങ്ങളിൽ നിന്ന് സി.എം.ആർ.എല്ലിന് ലിഗ്മനൈറ്റ് ലഭ്യമായിരുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും രേഖകൾ ഹാജരാക്കാനുമായി കൂടുതൽ സമയം നൽകണമെന്ന മാത്യു കുഴൽനാടന്റെ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം സർക്കാരിനോ സർക്കാർ അധീനതയിലുള്ള സ്ഥാപനത്തിനോ മാത്രം നടത്താൻ കഴിയുന്ന കരിമണൽ ഖനനത്തിന് കെ.എം.എം.ആർ.എല്ലിനെ മറയാക്കി സി.എം.ആർ.എൽ കോടിക്കണക്കിന് രൂപയുടെ ലാഭം നേടിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇതിനായി മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്നും ഇതിനുള്ള പ്രതിഫലമായി വീണയും എക്സാലോജിക് കമ്പനിയും ചെയ്യാത്ത സേവനങ്ങൾക്ക് മാസപ്പടി വാങ്ങിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാനെന്ന പേരിൽ 2018 ലെ മനുഷ്യ നിർമ്മിത പ്രളയത്തിന്റെ മറവിൽ വൻ തോതിൽ ഇപ്പോഴും കരിമണൽ ഖനനം നടക്കുന്നതായും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.
ഇ.ഡിക്കെതിരായ സി.എം.ആർ.എല്ലിന്റെ ഹർജി മാറ്റി
കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടികൾ ചോദ്യംചെയ്ത് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയടക്കം നൽകിയ ഉപഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഗുരുതര ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരൻ കർത്തയും ചോദ്യംചെയ്യലിന് ഹാജരായപ്പോൾ 24 മണിക്കൂറിലേറെ തടങ്കലിൽവച്ച് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് സി.എം.ആർ.എൽ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പരിഗണിച്ചത്.
കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡി സമയംതേടി. ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ഹർജിക്കാരും അറിയിച്ചു.
ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട സി.സി ടിവി ദൃശ്യങ്ങളും ഫോൺകോൾ റെക്കാഡുകളുമടക്കം ഹാജരാക്കാൻ കോടതി നേരത്തേ ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ശശിധരൻ കർത്തയെ ബുധനാഴ്ച ഇ.ഡി. ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഹർജി കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഈ നടപടിയുണ്ടായതെന്നും സി.എം.ആർ.എൽ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |