₹ചുമതലക്കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി, പകരം താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകുമോയെന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ വ്യക്തമാകും. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഓൺലൈൻ വഴിയാകും രാവിലെ 11ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുക.
നാളെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചില ഔദ്യോഗിക യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാറശാലയിൽ ആരംഭിക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം പങ്കെടുക്കും. ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കുന്ന അദ്ദേഹം ഈ മാസം അവസാനം മടങ്ങിയെത്തും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ഔദ്യോഗിക ചുമതല ആർക്കും നൽകിയിരുന്നില്ല. ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകൾ അദ്ദേഹം നോക്കി. അന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന് പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതിന്റെ ചുമതല മാത്രം കൈമാറി. ഇപ്പോൾ മന്ത്രിസഭായോഗം പലപ്പോഴും ഓൺലൈനായാണ് ചേരുന്നത് .അമേരിക്കയിൽ നിന്നായാലും മുഖ്യമന്ത്രിക്ക് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാനാവും. കൊവിഡ് അവലോകനയോഗവും ഇത്തരത്തിൽ ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |