SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.49 PM IST

'പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ, വഞ്ചിക്കുന്ന പാർട്ടിയല്ല സിപിഐ'

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നുപറയുന്നത് ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പുതുവർഷത്തെ ആദ്യവാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാതട്ടിപ്പുകാർക്ക് സോണിയയുടെ അടുത്തെത്താൻ എങ്ങനെ കഴിഞ്ഞു? കട്ടയാളും കട്ടമുതൽ വാങ്ങിച്ചയാളും ഒരുമിച്ച് അവിടെയത്തി. പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അടൂർ പ്രകാശ്? മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ ഇടപെടുന്നു എന്ന ആരോപണം മറുപടി ഇല്ലാത്തതിനാൽ കൊഞ്ഞനംകുത്തുന്നതുപോലെയാണ്.എസ്ഐടിയുടെ അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. ആ അന്വേഷണത്തെ സർക്കാർ സ്വാഗതംചെയ്തതുമാണ്. എസ്ഐടി ചുമതല നല്ല രീതിയിൽ നിർവഹിക്കുകയാണ്. അന്വേഷണത്തെ ഒരുതരത്തിലും തടസപ്പെടുത്തുന്നില്ല. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ല. കടകംപളളിയെ ചോദ്യംചെയ്തത് വ്യക്തതവരുത്താനാവും. എസ്ഐടിക്ക് പലകാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടാവും.സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ല. അവർ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. സിപിഐയുമായി സിപിഎമ്മിന് നല്ലബന്ധമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

'അതിദാരിദ്ര്യമുക്തർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്. അതിനാൽ സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ടുകൊണ്ടുപാേകണം. തദ്ദേശ തിരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങൾ കഴിഞ്ഞു. പുതിയ ഭരണസമിതിക്ക് പുതിയ ഉത്തരവാദിത്തങ്ങളാണ്. ഭരണ പ്രതിപക്ഷ വേർതിരിവ് തദ്ദേശസ്ഥാപനങ്ങളില്ല. മാലിന്യമുക്തപദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം.

ദുരന്തബാധിതരെ ചേർത്തുനിറുത്തിയതിൽ ചാരിതാർത്ഥ്യമുണ്ട്. വയനാട് ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിലുണ്ടാവും. ഏറ്റവും മികച്ച നിർമാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിലെ വീടുകൾ അടുത്തമാസം കൈമാറും.സമഗ്ര പുനരധിവാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയിൽ അടുത്തമാസം അഞ്ചുലക്ഷം വീടുകൾ പൂർത്തിയാവും. സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം ഇന്നുമുതൽ ആരംഭിക്കുകയാണ്. ഓരോരുത്തരുടെയും അഭിപ്രായം പ്രധാനമാണ്. എല്ളാവരെയും സർക്കാർ കേൾക്കും. ഇത് നവകേരള സൃഷ്ടിക്ക് കരുത്തുപകരും- വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

TAGS: PINARAYI VIJAYAN, GOLD THEFT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY