കൊച്ചി: നടി ഹണി റോസിനെതിരായി അധിക്ഷേപ പരാമർശം നടത്തിയതിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂർ സ്വദേശിയാണ് ഏറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ നടിക്കെതിരായുളള രാഹുൽ ഈശ്വറിന്റെ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം.
അതേസമയം, രാഹുൽ ഈശ്വറിന് എതിരായി ഹണി റോസ് കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസെടുത്തേക്കും. ഇന്നലെയാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. അതിനിടെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യത്തിന് വേണ്ടിയുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരായി രാഹുൽ ഈശ്വർ നടത്തിയ മോശം പരാമർശങ്ങളോട് നടി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമനടപടികൾ സ്വീകരിച്ചത്.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ വീണ്ടും മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്. ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ട കൂടുതലാളുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയുമായി ഹണി റോസ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ആദ്യമായി പ്രതികരിച്ചത്. ഇതിനുപിന്നാല ഹണി റോസ് പരാതി നൽകുകയായിരുന്നു. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റും ചെയ്തിരുന്നു. റിമാൻഡിലായ ബോബിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |