
അക്കൗണ്ടിൽ കുറവ് 211 കോടി
കാസർകോട്: കോട്ടയം നഗരസഭയിൽ വസ്തു നികുതിയുടേതുൾപ്പെടെ രസീത് ബുക്കുകൾ സ്വകാര്യ പ്രസിൽ അച്ചടിച്ച് ദുരുപയോഗം ചെയ്തതിലൂടെ 211 കോടിയുടെ കുറവ് കണ്ടെത്തിയ സംഭവത്തിൽ മുൻ സെക്രട്ടറിക്ക് കുറ്റാരോപണ മെമ്മോ നൽകി. കോട്ടയം നഗരസഭ മുൻ സെക്രട്ടറിയും നിലവിൽ കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ എസ്. ബിജുവിനാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മെമ്മോ നൽകിയത്.
ബിജു 2021 ഫെബ്രുവരി എട്ടു മുതൽ സെപ്തംബർ 18വരെ കോട്ടയം നഗരസഭ സെക്രട്ടറി ആയിരുന്ന കാലത്താണ് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം കോട്ടയം നഗരസഭയിലെ അച്ചടി ജോലികൾ ഗ്രാമലക്ഷ്മി മുദ്രാലയത്തിലാണ് നിർവഹിക്കേണ്ടത്. എന്നാൽ, 12,000 രസീത് ബുക്കുകൾ വടക്കൻ പറവൂരിലെ സ്വകാര്യ പ്രസിൽ വിവിധ വർഷങ്ങളിലായി അച്ചടിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്തതിലൂടെ ഏഴ് അക്കൗണ്ടുകളിലായി 211 കോടിയുടെ കുറവുണ്ടായെന്നാണ് കണ്ടെത്തൽ.
കോട്ടയം നഗരസഭയിൽ നിന്ന് ബിജുവിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി നിയമിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങൾക്ക് മുമ്പാണ് കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി മാറ്റി നിയമിച്ചത്.
രസീത് നമ്പറുകൾ വ്യാജം
രസീത് ബുക്കുകൾ കൈകാര്യം ചെയ്തത് നിരുത്തരവാദപരമായാണ്. ഇത് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് പണം തട്ടാൻ സാദ്ധ്യതയുണ്ട്. സഞ്ചയ സോഫ്റ്റ്‌വെയറിലെ വസ്തുനികുതിയുടെ മാന്വൽ രസീതുകളുടെ പോസ്റ്റിംഗിന്റെ ലിസ്റ്റ് പരിശോധിച്ചതിൽ 2020-21- 2023-24 വരെ പോസ്റ്റിംഗ് നടത്തിയിട്ടുള്ള 49,728 രസീത് നമ്പറുകൾ വ്യാജമാണെന്ന് പ്രാഥമികമായി കണ്ടെത്തി. ഈ ഇനത്തിൽ മാത്രം നഗരസഭയ്ക്ക് ആകെ 10,66,23,671 രൂപ നഷ്ടമായെന്നും കുറ്റാരോപണ പത്രികയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |