
#വിചാരണക്കോടതിയിൽ
വിശ്വാസം നഷ്ടപ്പെട്ടു
ഒരാളിലേക്ക് കേസ് അടുക്കുമ്പോൾ
സമീപനത്തിൽ മാറ്റമെന്ന് വിമർശനം
ആസൂത്രകർ പകൽവെളിച്ചത്തിൽ
നിൽക്കുന്നത് ഭയപ്പെടുത്തുവെന്ന് മഞ്ജു
കൊച്ചി: നിയമത്തിന് മുമ്പിൽ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് മനസിലായതായി അതിജീവിതയായ നടി. വാഹനത്തിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷാവിധിക്കു ശേഷമുള്ള ആദ്യ പ്രതികരണമാണിത്. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്തുവന്ന രീതിയിൽ മാറ്റമുണ്ടാകുന്നതായി പ്രോസിക്യൂഷനും തിരിച്ചറിഞ്ഞതായി ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ തുറന്നടിച്ചു.
ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകാനിരിക്കേയാണ് പ്രതികരണം.
''സംഭവത്തിന് ശേഷമുള്ള എട്ടുവർഷവും ഒമ്പത് മാസവും 23 ദിവസവും വേദനാജനകമായ യാത്രയായിരുന്നു. ആശങ്കകളും അനുഭവങ്ങളും വിവരിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തുകൾ അയയ്‌ക്കേണ്ടി വന്നു. ഈ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന അപേക്ഷകൾ നിഷ്‌കരുണം നിരസിക്കപ്പെട്ടു.
ഒന്നാം പ്രതി (പൾസർ സുനി) തന്റെ ഡ്രൈവറോ ജീവനക്കാരനോഅല്ല. സിനിമയിലെ പ്രൊഡക്ടഷൻ വിഭാഗത്തിൽ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ". അതിജീവിതയ്ക്കും പ്രതിക്കും മുൻപരിചയമുണ്ടെന്ന ദിലീപിന്റെ വാദം വിധിയിൽ പരാമർശിച്ചതിനാണ് ഈ വിശദീകരണം. കൂടെ നിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്ത് പിടിക്കുന്നതായും അതിജീവിത പറഞ്ഞു.
മെമ്മറി കാർഡ് അനധികൃതമായി തുറന്നു
1. തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.
2. മെമ്മറി കാർഡ് കോടതിയിലിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നു.
3.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല
4. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നിർദ്ദേശിച്ചപ്പോഴാണ് നൽകിയത്
5. ജഡ്ജി ശത്രുതാപരമായി പെരുമാറുന്നതിനാൽ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചു. നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവർ വ്യക്തിപരമായി പറഞ്ഞു
7. പരസ്യവിചാരണ വേണമെന്ന ആവശ്യം നിരസിച്ചു.
8. ജഡ്‌ജിയെ മാറ്റണമെന്ന ഹർജിയിൽ മാറ്റരുതെന്ന ആവശ്യവുമായി പ്രതിഭാഗം കക്ഷിചേർന്നു
'നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ തിരിച്ചറിയുന്നു,നിയമത്തിന് മുൻപിൽ എല്ലാ പൗരന്മാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. കൂടെ നിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്ത് പിടിക്കുന്നു. അധിക്ഷേപ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവർ അത് തുടരുക".
- അതിജീവിത
'നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ല. ആസൂത്രകർ പുറത്ത്, പകൽവെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെടണം. ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണിത്.
അന്നും, ഇന്നും, എന്നും അവൾക്കൊപ്പം``
-മഞ്ജു വാര്യർ
എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും പൊതുസമൂഹം തിരിച്ചറിയുന്ന യാഥാർത്ഥ്യങ്ങളുണ്ട്. ആവശ്യത്തിലേറെ തെളിവുകൾ ഉണ്ടായിട്ടും ഇരയ്ക്ക് നീതി ലഭിച്ചില്ല.
- ടി. അസഫ് അലി,
മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |