ന്യൂഡൽഹി: എല്ലാവരും മാസ്ക് ധരിക്കാനും പരിശോധനകൾ വർദ്ധിപ്പിക്കാനും കൊവിഡ് വകഭേദങ്ങളുടെ ജനിതക ശ്രേണീകരണം ഊർജ്ജിതമാക്കി നിരീക്ഷണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗത്തിൽ നിർദേശം നൽകി. കൊവിഡ് വൈറസ് നമ്മെ വിട്ട് പോയിട്ടില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പി.എസ്.എ പ്ലാന്റുകൾ, വെന്റിലേറ്റുകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഉടൻ ഓഡിറ്റ് ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. അവശ്യ മരുന്നുകളുടെ ലഭ്യതയും വിലയും പതിവായി നിരീക്ഷിക്കണം. അലംഭാവം കാട്ടരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കണം. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. പരിശോധനയും ജനിതക ശ്രേണീകരണവും വേഗത്തിലാക്കണം. പ്രതിദിനം കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് സംസ്ഥാനങ്ങൾ ലാബോറട്ടറികൾക്ക് കൈമാറണം. രാജ്യത്തെ പുതിയ വകദേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും നടപടികൾ സ്എടുക്കാനും ഇത് സഹായിക്കും. ഉത്സവ കാലം കണക്കിലെടുത്ത് തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. പ്രായമായവർക്കും പ്രത്യേക പരിഗണനയർഹിക്കുന്നവർക്കും മുൻകരുതൽ ഡോസ് നൽകണം. കൊവിഡ് പോരാളികളുടെയും മുൻനിര പ്രവർത്തകരുടെയും അഭിനന്ദനം അർഹിക്കുന്ന മുൻകാല നിസ്വാർത്ഥ സേവനങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി അതേ അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ , മൻസുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, ഡോ.എസ്.ജയശങ്കർ,അനുരാഗ് ഠാക്കൂർ , ഭാരതി പ്രവീൺ പവാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, നീതി ആ യോഗ് സി.ഇ.ഒ പരമേശ്വരൻ അയ്യർ,വി.കെ പോൾ തുടങ്ങിയവർ പങ്കെടുത്തു. മാസ്ക് നിർബ്ബന്ധമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായില്ല.
കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ
പുതുവത്സര ആഘോഷങ്ങളിൽ
ജാഗ്രത പാലിക്കണം
ന്യൂഡൽഹി: പുതുവത്സര ആഘോഷങ്ങളിൽ ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ജനങ്ങൾക്കിടയിൽ ആവശ്യമായ ബോധവത്കരണം നടത്താനും ജാഗ്രത പാലിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചു. ചൈനയിൽ അതിവ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിലാണിത്. സുരക്ഷാ അകലം, മാസ്ക് ഉപയോഗം, കൈകൾ ശുചിയാക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കണം.
ബൂസ്റ്റർ ഡോസുകളുടെ ലഭ്യതയും അവബോധവും ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ട് ശതമാനം യാത്രക്കാരുടെ സാമ്പിൾ പരിശോധിക്കും. രോഗവ്യാപന തോത് കണക്കാക്കാൻ ജനങ്ങളെ നിരീക്ഷിക്കും. പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്താൻ പോസിറ്റീവ് കേസുകളിൽ ജനിതക ശ്രേണീകരണം നടത്തണം. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനയിൽ മാണ്ഡവ്യ പറഞ്ഞു.
ഒരു വർഷമായി ഇന്ത്യയിൽ കൊവിഡ് നിയന്ത്രണ വിധേയമാണ്. പ്രതിദിനം ശരാശരി 153 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളിലൂടെ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചു. അർഹരായവരിൽ 90 ശതമാനത്തിനും വാക്സിൻ സുരക്ഷയൊരുക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ജില്ലകളുടെ അവലോകനയോഗം ഇന്ന്
പനിയുണ്ടെങ്കിൽ
കൊവിഡ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്താൻ കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കാൻ ജില്ലകൾക്ക് നിർദ്ദേശം. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന ശ്വാസകോശ രോഗങ്ങളുള്ളവർക്കും, തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർക്കും കൊവിഡ് പരിശോധന നടത്തും. ഇന്ന് എല്ലാ ജില്ലകളുടെയും കൊവിഡ് അവലോകനയോഗം ചേരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിന് സമ്പൂർണ ജീനോമിക് സർവയലൻസാണ് (ഡബ്ലി.ജി.എസ്) നടത്തുന്നത്.
ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിലേക്ക് ജനിതക നിർണയത്തിനുള്ള സാമ്പിളുകൾ അയയ്ക്കും. എവിടെയെങ്കിലും കൊവിഡ് വകഭേദം കണ്ടെത്തിയാൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദ്ദേശിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
മാസക്ക് ഉറപ്പാക്കണം
മാസ്ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും ഇറങ്ങരുത്
മാസ്ക് താഴ്ത്തി സംസാരിക്കരുത്
പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്
പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ
പുറത്തുപോയി വന്ന ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം
'ജില്ലകൾ പ്രത്യേകം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കുകയാണ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
ആശങ്കപ്പെടേണ്ട: ഐ.എം.എ
ന്യൂഡൽഹി: ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത പുലർത്തണം. ഐ.എം.എ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിവാഹമുൾപ്പെടെ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികൾ ഒഴിവാക്കണം, സാനിറ്റൈസർ ഉപയോഗിക്കണം.
കർണ്ണാടകയിൽ മാസ്ക് നിർബന്ധം
ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഇടങ്ങളിലും എയർ കണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് നിർബന്ധമാക്കി കർണ്ണാടക. പനി ലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്നും ഒരു മാസത്തിനകം ബൂസ്റ്റർ ഡോസ് കവറേജ് കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.സുധാകർ റെഡ്ഢി പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും കൊവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |