തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തിരശീല വീഴുന്നതോടെ സി.പി.ഐ , 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കും. സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം.
മിക്ക ജില്ലകളിലും സംസ്ഥാന നേതൃത്വത്തിനും, മന്ത്രിമാരുടെ പ്രകടനത്തിനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന്റെ പ്രതിഫലനം സംസ്ഥാന സമ്മേളനത്തിലുമുണ്ടാവും. ബിനോയ് വിശ്വത്തിന്റെ സംസ്ഥാന സെക്രട്ടറി പദത്തിന് മാറ്റം വരാനിടയില്ല. സംസ്ഥാന കൗൺസിലിൽ മാറ്റങ്ങൾ വരും. 75 വയസ് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ചില നേതാക്കൾ ഒഴിവാക്കപ്പെട്ടേക്കാം.
സി.പി.ഐക്ക് മുമ്പുണ്ടായിരുന്ന പ്രതിച്ഛായ നഷ്ടമായെന്നാണ് ജില്ലാ സമ്മേളനങ്ങളിൽ
പ്രധാനമായും ഉയർന്ന വിമർശനം. മുന്നണി ഭരണ കാലത്തു പോലും ഉറച്ചതും കടുത്തതുമായ നിലപാട് സ്വീകരിച്ചിരുന്ന പാർട്ടി, ഇപ്പോൾ പലപ്പോഴും സി.പി. എമ്മിന് വിധേയരായി നിൽക്കുന്നു. മുന്നണിയിൽപ്പോലും ചർച്ച ചെയ്യാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിശബ്ദം അനുസരിക്കേണ്ടി വന്നു.പല മുൻ സംസ്ഥാന സെക്രട്ടറിമാരും സി.പി.എമ്മിന് വഴങ്ങാതെയും പാർട്ടിയുടെയും അണികളുടെയും വികാരം ഉൾക്കൊണ്ടും നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ബിനോയ് വിശ്വത്തിന്റെ സമീപനം മൃദുവാകുന്നു എന്നതായിരുന്നു വിമർശനം. എന്നാൽ ബ്രൂവറി , എ.ഡി.ജി.പി അജിത് കുമാർ വിഷയങ്ങളിൽ നിലവിലെ സെക്രട്ടറി ഉറച്ച നിലപാട് സ്വീകരിച്ചെന്ന പ്രശംസയുമുണ്ടായി.
പാർട്ടിയുടെ നാല് മന്ത്രിമാരെയും നന്നായി കുടഞ്ഞു . പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പാവുന്നതിലെ വേഗതക്കുറവും റവന്യൂ വകുപ്പിലെ തടയിടാനാവാത്ത അഴിമതികളുമാണ് മന്ത്രി കെ.രാജനെതിരെ ചിലർ ഉയർത്തിയത്. കാർഷിക മേഖലയിലെ വിഷയങ്ങൾ, പ്രത്യേകിച്ച് പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെൽ കർഷകർക്ക് കിട്ടാനുള്ള കുടിശിക അടക്കമുള്ളവ പി.പ്രസാദിനെ മുൾമുനയിലാക്കി. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ക്ഷാമം എന്നിവയാണ് ജി.ആർ അനിലിനെ വെട്ടിലാക്കിയത്. ക്ഷീരമേഖലയിലെ പ്രതിസന്ധി ചിഞ്ചുറാണിയെ പ്രതിക്കൂട്ടിലാക്കി.
വെട്ടിമാറ്റലിൽ
അതൃപ്തി
ജനപ്രീതിയുള്ള മുൻ മന്ത്രി വി.എസ് സുനിൽകുമാർ, പി.എസ്.സുപാൽ തുടങ്ങിയ നേതാക്കളെ മുഖ്യധാരയിൽ നിന്ന് നിന്നകറ്റി നിറുത്തുന്നുവെന്ന വികാരവും പ്രകടമായി. പല ജില്ലകളിലും ആഴത്തിൽ ബന്ധമുള്ള നേതാക്കളെ ഭിന്നതകളുടെ പേരിൽ വെട്ടിമാറ്റുന്നത് പാർട്ടി പ്രവർത്തകരിൽ മരവിപ്പുണ്ടാക്കുന്നുവെന്നും ആരോപണമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |