
വില റെക്കാഡ് ഉയരത്തില്‍
കൊച്ചി: സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയും റെക്കാഡുകള്‍ പുതുക്കി കുതിക്കുന്നു. ഇന്നലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍(എം.സി.എക്‌സ്) വെള്ളി വില കിലോഗ്രാമിന് രണ്ട് ശതമാനം ഉയര്‍ന്ന് 1,92,000 രൂപയിലെത്തി. കേരളത്തില്‍ വെള്ളി വില കിലോയ്ക്ക് ഇന്നലെ 5,000 രൂപ വര്‍ദ്ധിച്ച് 1,95,000 രൂപയായി.
സ്വര്‍ണ വില കുത്തനെ കൂടിയതോടെ ബദല്‍ നിക്ഷേപമെന്ന നിലയില്‍ വെള്ളി വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. ഇതോടൊപ്പം വ്യാവസായിക ആവശ്യത്തിലുണ്ടായ വര്‍ദ്ധനയും നേട്ടമായി. നടപ്പുവര്‍ഷം ഇതുവരെ വെള്ളിയുടെ വിലയില്‍ 108 ശതമാനം വര്‍ദ്ധനയുണ്ട്. ജനുവരി ഒന്നിന് വെള്ളി വില കിലോയ്ക്ക് 85,851 രൂപയായിരുന്നു.
ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പ് വെള്ളി വില കിലോയ്ക്ക് രണ്ട് ലക്ഷം രൂപയിലെത്തുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഉപഭോഗത്തിലെ വര്‍ദ്ധനയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ കുറയ്ക്കുന്നതും വെള്ളിക്ക് അനുകൂലമായി. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ഭാവിയില്‍ പലിശ കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ വെള്ള വില കുത്തനെ താഴാനും ഇടയുണ്ട്.
സ്വര്‍ണ വിലയിലും കുതിപ്പ്, പവന്‍ @95,560
അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുമെന്ന് ഉറപ്പായതോെടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സിംഗപ്പൂര്‍ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,220 ഡോളര്‍ വരെ ഉയര്‍ന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില 640 രൂപ വര്‍ദ്ധനയോടെ 95,560 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ ഉയര്‍ന്ന് 11,945 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയില്‍ വില വര്‍ദ്ധനയുടെ തോത് ഉയര്‍ത്തി. നടപ്പുവര്‍ഷം സ്വര്‍ണ വിലയില്‍ ഇതുവരെ 68 ശതമാനമാണ് ഉയര്‍ന്നത്.
കരുത്താകുന്നത്
1. ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍
2. മാന്ദ്യം നേരിടാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കുന്നു
3. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം, വെള്ളി ഉപഭോഗം കൂടുന്നു
4. ഡോളറിന് ബദല്‍ നാണയമായി സ്വര്‍ണത്തിന് പ്രിയമേറുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |