
അന്നമനട : കഥകളിലും ഋഷിമാരുമായി ബന്ധപ്പെട്ടും കേട്ടറിഞ്ഞിരുന്ന കമണ്ഡലു മരം ഇപ്പോൾ മേലഡൂരിലെ കാര്യാടൻ രാജേഷിന്റെ വീട്ടുമുറ്റത്ത്. മരത്തിൽ ഫുട്ബാൾ വലിപ്പമുള്ള കമണ്ഡലു കായ് തൂങ്ങിക്കിടക്കുന്ന കാഴ്ച കൗതുകം പകരുന്നു.
നാല് വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ കമണ്ഡലു കായ് കണ്ട് അത്ഭുതപ്പെട്ട രാജേഷാണ് ശിവഗിരിയിൽ നിന്ന് തൈയെത്തിച്ച് സ്വന്തം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചത്.
ശ്രദ്ധയോടെ പരിചരിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്ന ഈ അപൂർവ കാഴ്ച. പച്ചനിറത്തിലുള്ള ഈ കായയ്ക്ക് ഏദേശം പത്ത് കിലോഗ്രാം വരെ ഭാരമുണ്ട്.
ഫുട്ബാളിന്റെ വലിപ്പമുള്ള ഗോളാകൃതിയിലുള്ള ഈ കായ് കാണാൻ പ്രദേശവാസികളും എത്തുന്നുണ്ട്. ഋഷിമാർ വെള്ളം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് കമണ്ഡലു കായയുടെ പുറംതോട് കൊണ്ട് നിർമിച്ച പാത്രങ്ങളായിരുന്നു. കട്ടിയേറിയ ഈ തോട് നിലത്ത് വീണാലും പൊട്ടില്ല. കായയുടെ ഉൾവശം തുരന്ന് മാംസളമായ ഭാഗം നീക്കം ചെയ്ത് പുറംതോട് പാത്രരൂപത്തിലാക്കിയാണ് കമണ്ഡലു ഉണ്ടാക്കിയിരുന്നത്.
ഇതിൽ സൂക്ഷിക്കുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും കരകൗശല വിദഗ്ദ്ധർ ഈ തോട് ഉപയോഗിച്ച് വിവിധ വസ്തുക്കൾ നിർമിക്കാറുണ്ട്.
ആശ്രമത്തിൽ കണ്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നി. തൈ എത്തിച്ച് നട്ടതാണ്. ഇത്ര വലിയ കായ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോൾ കാണാൻ വരുന്നവരെല്ലാം അത്ഭുതപ്പെടുന്നു.
കാര്യാടൻ രാജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |