
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടു പ്രതികൾക്കും എതിരായ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. ദിലീപ് ഒന്നാം പ്രതിയാണ്.
അവസാനഘട്ട പരിശോധനയ്‌ക്കായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ കുറ്റപത്രം തിരിച്ചുകിട്ടി. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തൽ പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ശിക്ഷാവിധി വെള്ളിയാഴ്ചയാണ്. ഇതിനുപിന്നാലെ കുറ്റപത്രം നൽകും.
2022 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, 2023 ജനുവരി 10നാണ് ഏഴുപേർക്കെതിരെ കേസെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, മാനേജർ കൃഷ്ണപ്രസാദ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് ജി. നായർ, ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് പ്രതികൾ. സായ് ശങ്കറിനെ പിന്നീട് മാപ്പുസാക്ഷിയാക്കി.
ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും എസ്.പി കെ.എസ്. സുദർശന്റെ കൈ വെട്ടണമെന്നും പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ശബ്ദരേഖയും ഫോൺ റെക്കാഡുകളും അടക്കം തെളിവായി ശേഖരിച്ചു. മുൻകൂർജാമ്യം തേടിയെങ്കിലും കോടതി നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും നിരാകരിച്ചിരുന്നു.
ഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കി
അന്വേഷണം തുടങ്ങിയതോടെ ദിലീപും സഹോദരനും ഉപയോഗിച്ചിരുന്ന ഫോണുകൾ മുംബയിലെ ലാബിൽ എത്തിച്ച് വിവരങ്ങൾ നീക്കിയെന്നാണ് കണ്ടെത്തൽ. ഹുവാവേ, വിവോ, സാംസംഗ്, ഐഫോൺ എന്നിവയാണ് ലാബിലെത്തിച്ചത്. നാല് ഫോണുകളിൽ നിന്നായി നീക്കം ചെയ്ത 285 ജി.ബി ഡേറ്റ വീണ്ടെടുത്ത് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയെന്നാണ് അറിയുന്നത്. ബാലചന്ദ്രകുമാർ മരിച്ചത് പ്രോസിക്യൂഷൻ വാദങ്ങളെ ബാധിച്ചേക്കും.
ഊമക്കത്തിന്റെ പേരിൽ വിവാദം, ഭിന്നത
നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണക്കോടതി വിധി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തി ലഭിച്ചഊമക്കത്തിന്റെ പേരിൽ വിവാദം.
'ഒരു ഇന്ത്യൻ പൗരൻ" എന്ന പേരിൽ ഡിസംബർ രണ്ട് തീയതി വച്ചിരിക്കുന്ന കത്താണ് അഡ്വക്കേറ്റ് അസോസിയേഷന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ
അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. പിന്നാലെ, എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് ജഡ്ജിയിൽ വിശ്വാസമർപ്പിച്ചതായി സെക്രട്ടറി എം.ആർ. നന്ദകുമാർ പ്രസ്താവനയിറക്കി. പ്രസിഡന്റിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
ദിലീപ്, ചാർളി തോമസ്, മേസ്തിരി സനിൽ എന്നിവരെ വെറുതേ വിടുമെന്നും ആറു പേരെ മാത്രമാകും ശിക്ഷിക്കുകയെന്നും ഒറ്റപ്പേജുള്ള ഊമക്കത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നിൽ ചില ഇടപാടുകൾ നടന്നെന്നും സൂചിപ്പിക്കുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെയും ആരോപണമുണ്ട്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരും പരാമർശിക്കുന്നു. ആരോപണത്തിന് അടിസ്ഥാനമായ യാതൊരു തെളിവുമില്ല.
കത്തിലെ ഉള്ളടക്കം നീതിന്യായ സംവിധാനത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതാണെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത് കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റ് ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിധി വന്ന ദിവസം തന്നെയാണ് കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ തുടർനടപടിയുണ്ടായിട്ടില്ല. ഇത്തരം പരാതികളുണ്ടായാൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേർന്നാണ് നടപടി തീരുമാനിക്കേണ്ടത്.
എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി 12ന് വരാനിരിക്കേയാണ് കത്തുവിവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |