അമ്പലപ്പുഴ: പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ തട്ടാന്തറ വീട്ടിൽ സലിം കുമാറിന്റെ മകൻ അതുൽ (26) ആണ് മരിച്ചത്.കുത്തിയ ശേഷം രക്ഷപ്പെട്ട ആലപ്പുഴ പാലസ് വാർഡിൽ മുക്കവലക്കൽ നടുച്ചിറയിൽ ശ്രീജിത്തിനെ (ശ്രീക്കുട്ടൻ 30) പുന്നപ്ര പൊലീസ് ആലപ്പുഴ ഭാഗത്തു നിന്ന് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 10.50 ഓടെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയായിരുന്നു സംഘർഷം. വാക്കേറ്റത്തിനിടെ കുത്തേറ്റ അതുലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 1 ഓടെ മരിച്ചു. അതുലും സുഹൃത്തുക്കളുമൊത്ത് നാടൻപാട്ട് കേൾക്കുന്നതിനിടെ സ്ഥലത്തെത്തിയ, നിരവധി കേസുകളിലെ പ്രതിയായ ശ്രീക്കുട്ടൻ കത്തിക്ക് കുത്തുകയായിരുന്നു. അതുലിന്റെ സുഹൃത്ത് രാഹുലിനും പരിക്കേറ്റു.ചെവിക്കു മുകളിൽ പരിക്കേറ്റ രാഹുൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാടൻ പാട്ടിനിടെ തുള്ളിയതാണ് വാക്കേറ്റമുണ്ടാകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു അതുൽ. ഭാര്യ: സെബിന. മകൾ :ആൻവിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |