കുന്നംകുളം: ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി പെരിങ്ങണ്ടൂർ പുന്തൂട്ടിൽ വീട്ടിൽ സന്തോഷിന് (സന്തോഷ് കേശവൻ, 34) 22 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്.
2016 ലായിരുന്നു സംഭവം. ഭർത്താവിന്റെ മദ്യപാനം നിറുത്താൻ പ്രതി ചില പൂജകൾ യുവതിയോട് നിർദ്ദേശിച്ചു. തുടർന്ന് പ്രതിയുടെ വീട്ടിലടക്കം വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾക്കെതിരെ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസും നിലവിലുണ്ട്.
വെള്ളമുണ്ട കേസ്: നാല് പ്രതികൾക്കും
കഠിനതടവും പിഴയും
കൊച്ചി: വെള്ളമുണ്ടയിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി രൂപേഷിന് വിവിധ വകുപ്പുകളിലായി 10വർഷം കഠിനതടവും 2.25 ലക്ഷംരൂപ പിഴയും എൻ.ഐ.എ പ്രത്യേകകോടതി ശിക്ഷവിധിച്ചു. ഏഴാംപ്രതി അനൂപ് മാത്യുവിന് എട്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും നാലാംപ്രതി കന്യാകുമാരിക്ക് 6 വർഷം കഠിനതടവും 1.54 ലക്ഷം രൂപ പിഴയും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് 6 വർഷം കഠിനതടവും 40,000 രൂപ പിഴയും ജഡ്ജി കെ. കമനീസ് ശിക്ഷവിധിച്ചു.
2014ലാണ് കേസിനാസ്ദപമായ സംഭവം. മാവോയിസ്റ്റുകളെ പിടികൂടാൻ സഹായം നൽകിയെന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസർ എ. ബി. പ്രമോദിന്റെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്. യു.എ.പി.എ നിയമപ്രകാരം നാലുപേരും കുറ്റക്കാരാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച് കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കൽ , മാരകായുധങ്ങളുമായി അക്രമിക്കൽ ,വീട്ടിൽ അതിക്രമിച്ച് കടക്കൽ, കുറ്റകരമായ ഗൂഢാലോചന, നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അന്വേഷണത്തിനെത്തിയഎസ്.ഐയ്ക്ക്
നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
തൃപ്പൂണിത്തുറ: കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നായ്ക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്. രാജീവ്നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ചാത്താരിയിലെ സ്ത്രീ ഹിൽപാലസ് സ്റ്റേഷനിൽ നൽകിയ പരാതി അന്വേഷിക്കാൻ ഇന്നലെ വൈകിട്ട് 5.30ഓടെ എത്തിയ എസ്.ഐയെ വീട്ടുവളപ്പിലുണ്ടായിരുന്ന മുപ്പതോളം നായ്ക്കൾ ഗേറ്റിനിടയിലൂടെയും മറ്റും പുറത്തുചാടി ആക്രമിക്കുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ ഇരുകാലുകളിലും പട്ടികൾ കടിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ സാരമായ പരിക്കുകളുമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിലും ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |