തൃശൂർ: ജില്ലയിൽ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് 69.43 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതികളുമായി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തി. കവർച്ചയ്ക്കുശേഷം ഉപേക്ഷിച്ച ഒമ്പത് എ.ടി.എം ട്രേകളും ഗ്യാസ് കട്ടറും രണ്ട് ഗ്യാസ് സിലിണ്ടറും ഡിജിറ്റൽ വീഡിയോ റെക്കാഡറും താണിക്കുടം പുഴയിൽ നിന്ന് ഫയർഫോഴ്സ് സഹായത്തോടെ കണ്ടെടുത്തു. ഷൊർണൂർ റോഡിലെ എ.ടി.എം കവർച്ചയുമായി ബന്ധപ്പെട്ട തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
കവർച്ചകൾക്കു ശേഷം പൊലീസ് അക്കാഡമി ഭാഗത്തുകൂടി താണിക്കുടത്തെത്തിയപ്പോൾ പുഴയിലേക്ക് ഇവ എറിയുകയായിരുന്നുവെന്ന പ്രതികളുടെ മൊഴിപ്രകാരമാണ് ഇവിടെ തെരച്ചിൽ നടത്തിയത്. ആകെ പന്ത്രണ്ട് ട്രേകളാണ് ഉപേക്ഷിച്ചത്. മൂന്നെണ്ണം കണ്ടെത്താനായില്ല.
ഹരിയാന പൽവാൽ സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻഖാൻ, മുഹമ്മദ് ഇക്രാം, മുബാറക് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. എ.സി.പി സലീഷ് എൻ.ശങ്കരൻ, ഈസ്റ്റ് എസ്.എച്ച്.ഒ എം.ജെ.ജിജോ, എസ്.ഐ ജിനോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മറ്റു രണ്ട് എ.ടി.എം കവർച്ചാ കേസുകൾ ഇരിങ്ങാലക്കുട, വിയ്യൂർ സ്റ്റേഷനുകളിലായതിനാൽ അവിടങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്
ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
താണിക്കുടം പുഴയുടെ ഭാഗത്ത് സൂത്രധാരനായ ഇക്രാമിനെ മാത്രമാണ് ആദ്യം തെളിവെടുപ്പിനായി പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്.
കാർ ഓടിച്ചിരുന്നത് താനാണെന്ന് ഇക്രാം മൊഴി നൽകി
തുടർന്ന് സാബിർ ഖാൻ, ഷൗക്കീൻഖാൻ എന്നിവരെയും വാഹനത്തിൽ നിന്ന് പുറത്തിറക്കി വിവരങ്ങൾ ചോദിച്ചു
ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറും ചാക്കിൽ കെട്ടിയാണ് പുഴയിൽ ഉപേക്ഷിച്ചത്
എ.ടി.എം തകർത്തത് 3പേർ
സാബിർ ഖാൻ, ഷൗക്കീൻഖാൻ, മറ്റൊരു പ്രതിയായ അസർ അലി എന്നിവരാണ് എ.ടി.എമ്മുകൾ പൊളിക്കാൻ അകത്തു കടന്നത്. പ്രതികളെ പിടികൂടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലായതിനാൽ അസർ അലിയെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസിനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |