നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി പത്ത് കഷ്ണങ്ങളാക്കി ബാഗുകളിൽ നിറച്ച് ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്രു ചെയ്തു. തിരുനെൽവേലി പാളയംകോട്ട മനക്കാവലം പിള്ളനഗർ സ്വദേശി മാരിമുത്തുവാണ് (35) അറസ്റ്റിലായത്. ഭാര്യ മരിയ സത്യയാണ് (30) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അരുംകൊല. അഞ്ചുഗ്രാമം പാൽക്കുളത്തിലെ വാടകവീട്ടിലായിരുന്നു സംഭവം. 40 ദിവസം മുൻപാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്.
ഇറച്ചിവെട്ടു തൊഴിലാളിയായ മാരിമുത്തു തൂത്തുക്കുടി മത്സ്യക്കയറ്റുമതി കമ്പനി തൊഴിലാളിയായ ഭാര്യയെ സംശയത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നു. സംഭവദിവസം മരിയസത്യ രാവിലെ മുതൽ ഫോൺ ചെയ്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി ടിവിയിലെ ശബ്ദം ഉയർത്തിയശേഷം ഇറച്ചി വെട്ടുന്ന കത്തികൊണ്ട് മരിയ സത്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി.
തുടർന്ന് ശരീരം പത്തു കഷ്ണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കി മൂന്ന് ബാഗുകളിൽ നിറച്ചു. തെളിവു നശിപ്പിക്കാൻ വീടും കഴുകി. രാത്രി 9.30ന് ബാഗുകളുമായി പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി നാട്ടുകാർ ബാഗുകളിൽ എന്താണെന്ന് തിരക്കി. വാടക വീട്ടിലെ താമസം നിറുത്തി തങ്ങൾ പോകുന്നുവെന്നായിരുന്നു മറുപടി. തുടർന്ന് നാട്ടുകാർ ബാഗു തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. 10 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളുണ്ട്. ഇവർ പാളയംകോട്ടയിലെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.
ബാഗ് നോക്കി
നായ്ക്കൾ കുരച്ചു
മൃതദേഹാവശിഷ്ടങ്ങൾ നിറച്ച ബാഗുകളുമായി പുറത്തിറങ്ങിയ ഇയാളെ നാട്ടുകാർ സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ തെരുവു നായ്ക്കൾ കുരച്ചുചാടിയതാണ് കൊലപാതകം പുറത്തറിയാൻ ഇടയാക്കിയത്. ബാഗിനെ നോക്കി ഒരു തെരുവുനായ നിറുത്താതെ കുരയ്ക്കുന്നതിനിടെ കൂടുതൽ നായ്ക്കൾ കുരച്ചുചാടി എത്തി. ഇതോടെ നാട്ടുകാർ ബലമായി ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്ന് അഞ്ചുഗ്രാമം പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |