ആലുവ: പോക്സോ കേസിൽ ആലുവ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക്ക് ബെന്നി (23)യാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂത്രം ഒഴിക്കാനെന്ന വ്യാജേന സെല്ലിന് പുറത്തിറങ്ങി മുങ്ങുകയായിരുന്നു.
തുടർന്ന് മൂക്കന്നൂരിലെ വീട്ടിലെത്തിയ പ്രതി കുളിച്ച് വസ്ത്രം മാറി സമീപത്തെ പാടശേഖരത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കെ ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും പിടിയിലായി. ആലുവ - കളമശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു വീട്ടിൽ വച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മൂന്നുവട്ടം പീഡിപ്പിച്ചെന്നാണ് കേസ്. മുത്തശ്ശിയുടെ വീട്ടിൽ നിൽക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രതി രക്ഷപ്പെടുമ്പോൾ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |