തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി ക്രൈം ബ്രാഞ്ച്. പോക്‌സോ കേസിൽ സുധാകരനെ ചോദ്യം ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞതാണ് ക്രൈം ബ്രാഞ്ച് തള്ളിയത്.
സുധാകരനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് തട്ടിപ്പുകേസിൽ മാത്രമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നിലവിൽ അതിജീവിതയുടെ ഭാഗത്തുനിന്ന് അത്തരമൊരുമൊഴി സുധാകരനെതിരെയില്ല. ചോദ്യം ചെയ്യലിൽ സുധാകരനെതിരായുള്ള എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയും കെ സുധാകരൻ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്നാണ് എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ മനസാ വാചാ അറിയാത്ത കാര്യമാണിതെന്നും തനിക്ക് പോക്‌സോ കേസുമായി ബന്ധമില്ലെന്നുമാണ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സി പി എമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |