തിരുവനന്തപുരം; മിൽമയിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ മക്കൾക്കും ആശ്രിതർക്കും സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. ദീർഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യമാണിത്. മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിലാണ് സംവരണം. ക്ഷീരകർഷകരുടെ ആശ്രിതർക്ക് മിൽമയിൽ അർഹമായ പരിഗണന ലഭിക്കും. മിൽമയിലെ ജോലിക്ക് ക്ഷീരകർഷകരുടെ മക്കൾക്ക് പരിഗണന നൽകുന്ന വിഷയം ക്ഷീരവികസന വകുപ്പിന്റെ പരിഗണനയിലാണെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ മിൽമ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മിൽമ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണം . ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളിലെ എല്ലാ ക്ഷീരകർഷകരെയും ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് ഉത്തരവ്.
മേഖലാ യൂണിയനുകളുടെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ ആശ്രിതർക്ക് മുൻഗണനയോ സംവരണമോ ഏർപ്പെടുത്തണമെന്ന് മലബാർ യൂണിയന്റെ വാർഷിക പൊതുയോഗത്തിലെ തീരുമാനം സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു. അവിദഗ്ധ തൊഴിലാളികളുടെ നിയമനം നടത്തുമ്പോൾ അതത് മേഖലകളുടെ പരിധിയിൽപെട്ട ക്ഷീരകർഷകരുടെ ആശ്രിതർക്കായി സംവരണം ഏർപ്പെടുത്തണമെന്ന് എറണാകുളം യൂണിയന്റെ വാർഷിക പൊതുയോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
ക്ഷീരകർഷകരുടെ ആശ്രിതർക്ക് നിയമന സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകും. കൂടുതൽ പേരെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കാനാകും.
-കെ.എസ് മണി
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |