
തിരുവനന്തപുരം: ഉള്ളൂരിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനുപിന്നാലെയാണ് പാർട്ടി നടപടി. ഉള്ളൂരിലെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ശ്രീകണ്ഠന് വലിയ തരത്തിലുളള പരാതിയാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.
ലിജുവാണ് ഉള്ളൂരിലെ സിപിഎം സ്ഥാനാർത്ഥി. വലിയ രാഷ്ട്രീയ പാർട്ടിയാകുമ്പോൾ ചില അപശബ്ദങ്ങളൊക്കെ ഉണ്ടാവുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. 2008 മുതൽ ഉള്ളൂരിലെ ലോക്കൽ കമ്മിറ്റിയംഗമാണ് ശ്രീകണ്ഠൻ. സിപിഎം മുഖപത്രത്തിന്റെ തലസ്ഥാനത്തെ മുൻ ബ്യൂറോ ചീഫായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ ശ്രീകണ്ഠൻ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കടകംപള്ളി പറഞ്ഞു പറ്റിച്ചു. തയ്യാറെടുക്കാൻ ആദ്യം നിർദേശം നൽകിയ ശേഷം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. തയ്യാറെടുക്കാൻ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോയെന്നായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.
പാർട്ടി നടിപടിയെക്കുറിച്ച് ശ്രീകണ്ഠൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.' പാർട്ടിയുടെ രീതികൾക്കനുസരിച്ചല്ല ഉള്ളൂരിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടകംപള്ളി സുരേന്ദ്രന് ഇഷ്ടമില്ലാത്തവരെ പാർട്ടിയിൽ നിന്ന് പടിയടച്ച് പിണ്ടം വയ്ക്കുകയാണ് പതിവ്'- ശ്രീകണ്ഠൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |