തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നൽകിയപ്പോൾ, ദിവസങ്ങളായി ഗുരുതര പരിക്കേറ്റ് അലയുന്ന കുരങ്ങന് ചികിത്സയില്ല. പീച്ചി റേഞ്ചിലെ ഒളകര പോത്തുചാലിന് സമീപമാണ് കുരങ്ങൻ ദേഹമാസകലം പരിക്കേറ്റ് അലയുന്നത്.
പരിക്കേറ്റ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നാലു ദിവസമായിട്ടും ആരും എത്തിയില്ല. വാഹനം ഇടിച്ചതോ വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റതോ ആണെന്നാണ് നിഗമനം. പരിക്കേറ്റ വിവരം അധികൃതരെ വാച്ചർ അറിയിച്ചതായി പറയുന്നു. കൈകൾ ഒടിഞ്ഞ നിലയിലാണ്.
മുഖത്തും ശരീരത്തിന്റെ മറ്റിടങ്ങളിലും ഗുരുതര പരിക്കുണ്ട്. കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കാം. രോഗപീഡയിൽ കഴിയുന്ന കുരങ്ങന് അടിയന്തര ചികിത്സ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനമിടിച്ച് പരിക്കുണ്ടായിക്കാനാണ് സാദ്ധ്യത കൂടുതൽ.അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ദിവസങ്ങളോളം പിന്തുടരുകയും മയക്കുവെടി വച്ച് മുറിവിൽ ചികിത്സ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കാടിനോട് ചേർന്ന് ഗുരുതര പരിക്കേറ്റ് അലയുന്ന കുരങ്ങനോട് കരുണ കാണിക്കുന്നില്ലെന്നാണ് പരാതി.
ആനച്ചികിത്സയ്ക്ക്
2 ലക്ഷത്തോളം
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സയ്ക്ക് വനം വകുപ്പ് ചെലവഴിച്ചത് രണ്ട് ലക്ഷത്തോളം രൂപ. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയും സംഘവുമാണ് മയക്കുവടി വച്ച് ചികിത്സ നൽകിയത്. ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട ദൗത്യത്തിൽ ആറ് ആർ.ആർ.ടി സംഘം അടക്കമുള്ള അമ്പതംഗങ്ങളെയാണ് നിയോഗിച്ചിരുന്നത്. നാലുവട്ടം ആനയെ വെടിവച്ചതിൽ നാലാമത് തൊടുത്ത മരുന്ന് നിറച്ച സിറിഞ്ചാണ് ആനയുടെ പിൻഭാഗത്തെ വലതു കാലിൽ തറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |