കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ മണ്ണുത്തി ക്യാമ്പസ് പ്രവേശനം ഉപാധിയോടെ രജിസ്റ്റർ ചെയ്ത് നൽകാൻ ഹൈക്കോടതി ഉത്തരവ്. പൂക്കോട് നിന്ന് ഇവരെ മണ്ണുത്തി ക്യാമ്പസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പാക്കിയെങ്കിലും വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയുടെ അനുമതി വേണ്ടതിനാൽ രജിസ്ട്രേഷൻ നടന്നില്ല. ഇതിനിടെ ചില കുട്ടികൾക്ക് ക്ലാസ് തുടങ്ങി. ചിലർക്ക് ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ഈ സാഹചര്യത്തിൽ കൗൺസിലിന്റെ അംഗീകാരത്തിൽ തീരുമാനമാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. കൗൺസിലിന്റെ അംഗീകാരം വൈകുന്നത് പഠനത്തെ ബാധിക്കുന്ന സാഹചര്യം ഉള്ളതിനാൽ രജിസ്ട്രേഷൻ നൽകാൻ സർവകലാശാലയോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർ ഉത്തരവിന് വിധേയമായിരിക്കും രജിസ്ട്രേഷന്റെ സാധുതയെന്നും കോടതി വ്യക്തമാക്കി. ഹർജി ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |