തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനയ്ക്ക് പുതിയ ബോട്ട് സജ്ജമാക്കി ജലസേചന വകുപ്പ്. അണക്കെട്ടിലെ ജലനിരപ്പ് രേഖപ്പെടുത്തുന്നത് അടക്കമുള്ള പരിശോധനയ്ക്കായാണിത്. തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലെത്തി പരിശോധിക്കുന്നതിന് വനംവകുപ്പിന്റെയും പൊലീസിന്റെയും ബോട്ടുകളെ ആശ്രയിക്കുന്നത് ലഭ്യമാകാത്ത സ്ഥിതിയുണ്ടാവുകയും പരിശോധനകൾ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ബോട്ട് വാങ്ങിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബോട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരത്തിൽ മന്ത്രി റോഷി നിർവഹിക്കും. 12.40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. 10 പേർക്ക് യാത്രചെയ്യാവുന്ന ഈ ബോട്ടിൽ ഉദ്യോഗസ്ഥർക്ക് 30 മിനിട്ടിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിംഗിൽ നിന്ന് മുല്ലപെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരാൻ കഴിയും. ജലസേചന വകുപ്പിന് 15 വർഷം മുമ്പ് സ്വന്തമായി ബോട്ടുണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്തെ തുടർന്ന് കണ്ടം ചെയ്തിരുന്നു.
ഓരോ മണിക്കൂറിലും
പരിശോധിക്കണം
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സമയങ്ങളിൽ ഓരോ മണിക്കൂറും അത് രേഖപ്പെടുത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യം, അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം എന്നിവയും ഉദ്യോഗസ്ഥർ അതാതു സമയങ്ങളിൽ പരിശോധിച്ച് അറിയിക്കണം. മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിന്റെ നിയന്ത്രണത്തിലായതിനാൽ തേക്കടിയിൽ നിന്നാണ് ഉദ്യോഗസ്ഥർ അണക്കെട്ടിലെത്തി പരിശോധന നടത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |