ധനക്കമ്മി പിടിച്ചുനിറുത്തുന്നതിനൊപ്പം വിവിധ വിഭാഗങ്ങൾക്ക് ഇളവുകളും നൽകുന്ന സമഗ്രതയാണ് കേന്ദ്ര ബഡ്ജറ്റിലുള്ളത്. ധനക്കമ്മിയുടെ തോത് നേരത്തേ പ്രതീക്ഷിച്ചിരുന്നത് 4.9% എന്ന നിരക്കിലായിരുന്നു. അത് 4.8% ആയി കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞിരിക്കുന്നു. വരുന്ന സാമ്പത്തിക വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന 4.5 എന്ന നിരക്ക് 4.4ൽ പിടിച്ചു നിറുത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്തായാലും ധനക്കമ്മി ഒരുപരിധി വിട്ട് പോകാതെയുള്ള സമീപനം നല്ലതാണ്.
ധനക്കമ്മി അങ്ങനെ പിടിച്ചുനിറുത്തുകയെന്ന് പറയുമ്പോൾ സാധാരണ പ്രതീക്ഷിക്കുന്നത് മറ്റേതെങ്കിലും മേഖലയിലെ നീക്കിയിരുപ്പ്, ചെലവ് എല്ലാം വെട്ടിക്കുറയ്ക്കപ്പെടുമെന്നാണ്. എന്നാൽ, ഈ ബഡ്ജറ്റിൽ വലിയ വെട്ടിക്കുറയ്ക്കലുകൾ കാണുന്നില്ല. അടിസ്ഥാന സൗകര്യത്തിനും ജനക്ഷേമത്തിനും ആവശ്യാനുസരണം നീക്കിയിരിപ്പുണ്ടെന്നാണ് മനസിലാക്കുന്നത്. ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി, ജൽജീവൻ മിഷൻ, കാർഷികരംഗം, പ്രധാനമന്ത്രി ഗരീബ് കല്യാൺ സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേക്ക് തുടരാനുള്ള തീരുമാനത്തിനെല്ലാം ആവശ്യത്തിന് നീക്കിയിരിപ്പുണ്ടെന്നാണ് ബഡ്ജറ്റ് രേഖകൾ കാണിക്കുന്നത്.
അതേസമയം, സർക്കാർ ചെലവാക്കാൻ ലക്ഷ്യമിടുന്ന തുക കഴിഞ്ഞവർഷം 47 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ വരുന്ന സാമ്പത്തികവർഷം 50 ലക്ഷം കോടിയിലേക്ക് ഉയർത്താനും സാധിച്ചിരിക്കുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഇത് പ്രധാനമായും കണ്ടെത്തുന്നത് നികുതി പിരിവിൽ നിന്നുതന്നെയാണെന്ന് വ്യക്തമാകും. നികുതിപിരിവ് 25 ലക്ഷം കോടിയിൽ നിന്ന് 28 ലക്ഷം കോടിയിലേക്കാണ് ഉയർത്തുന്നത്.
മദ്ധ്യവർഗത്തിന് ആദായ നികുതി ആനുകൂല്യങ്ങൾ നൽകിയ ശേഷവും കേന്ദ്രസർക്കാരിന്റെ നികുതി പിരിവിന്റെ തോത് കുറഞ്ഞുവരുന്നില്ല. അങ്ങനെ വളരെ സമർത്ഥമായിട്ട്, പൊതുവേ എല്ലാ രംഗങ്ങളിലും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ശ്ലാഘനീയമായ ബഡ്ജറ്റാണെന്നു പറയാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |