തൃശൂർ: കരാർ കമ്പനിയുടെയും ദേശീയപാത അതോറിട്ടിയുടെയും ഗുരുതര അനാസ്ഥയുടെ ബാക്കിപത്രമാണ് എറണാകുളം--തൃശൂർ ദേശീയപാതയിൽ സംഭവിക്കുന്ന മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അഴിയാക്കുരുക്ക്. ദിവസേന ലക്ഷക്കണക്കിന് ജനം കടന്നുപോകുന്ന ദേശീയപാത അടച്ചുള്ള നിർമ്മാണത്തിന് മുമ്പ് സർവീസ് റോഡ് നന്നാക്കണമായിരുന്നു. ജനങ്ങളും ജനപ്രതിനിധികളും അടക്കം തുടക്കത്തിലേ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിട്ടിയും കേട്ടഭാവം നടിച്ചില്ല.
കനത്ത മഴയിൽ വൻകുഴികളുണ്ടായി സർവീസ് റോഡുകൾ ഇടിഞ്ഞു. ഇതോടെ ദേശീയപാത 544ലെ ഇടപ്പള്ളി- മണ്ണുത്തി ഭാഗത്ത് മൂന്നുമാസമായി രാവും പകലും മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി. രോഗികളും പ്രായമായവരും കുട്ടികളും അടക്കം നടുറോഡിൽ നട്ടംതിരിഞ്ഞു.
സമാന്തര റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ ഉറപ്പു നൽകിയെങ്കിലും അതും പാഴ് വാക്കായി.
അടിമുടി അനാസ്ഥ
മണ്ണുത്തി മുതൽ അങ്കമാലി വരെ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലാണ് അടിപ്പാത നിർമ്മാണം നടക്കുന്നത്. മഴക്കാലമായതോടെ പലയിടത്തും നിർമ്മാണം നിലച്ചമട്ടിലായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെട്ടിട്ടും സർവീസ് റോഡ് ശാശ്വതമായി നിർമ്മിക്കാനായില്ല. മഴയൊഴിഞ്ഞ ദിവസങ്ങളുണ്ടായിട്ടും മഴയെ പഴിച്ച് ടാറിടാനും തയ്യാറായില്ല.
കാരണങ്ങളേറെ
1. ദുർബലവും ഇടുങ്ങിയതുമായ സർവീസ് റോഡ്
2. അടിപ്പാതപ്പണി തുടങ്ങും മുൻപേ സർവീസ് റോഡ് നിറയെ കുഴികൾ
3. പണിയുടെ ഭാഗമായുള്ള ചെളി, മഴയിൽ സർവീസ് റാേഡിലേക്ക് ഒഴുകിയെത്തി
4. ചെളിയിൽ ട്രെയിലറുകൾ അടക്കമുള്ളവയുടെ ചക്രങ്ങൾ താഴ്ന്ന് കുരുക്ക് മുറുകി
5. ക്വാറി വേസ്റ്റും മണ്ണും കല്ലും അടങ്ങിയവ റോഡിൽ വിതറി, ചെളിക്കുളമായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |