ദിസ്‌പൂർ: പ്രശസ്‌ത മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപറിനുമെതിരായ രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ച് അസം പൊലീസ്. കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.
ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുൻപാകെ ഓഗസ്റ്റ് 22ന് ഹാജരാകാനാണ് നിർദേശം. ഇരുവരെയും ചോദ്യം ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. 'ദി വയറിലെ' മാദ്ധ്യമപ്രവർത്തകരാണ് ഇരുവരും. ദി വയറിന്റെ സ്ഥാപകനാണ് സിദ്ധാർത്ഥ് വരദരാജൻ.
'ദി വയറിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ അസം പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യദ്രോഹം അടക്കം ആറ് വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |