SignIn
Kerala Kaumudi Online
Friday, 19 April 2024 11.31 PM IST

എ. രാജ പുറത്ത് , ദേവികുളം ഉപതിരഞ്ഞെടുപ്പിലേക്ക്; തിരഞ്ഞെടുപ്പ് അസാധുവെന്ന് ഹൈക്കാേടതി, രാജ സംവരണ സമുദായാംഗമല്ല

gg

 സി.പി.എം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് ഇടുക്കി ദേവികുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ എത്രയുംവേഗം സ്റ്റേ സമ്പാദിക്കാനുള്ള ശ്രമവുമായി സി.പി.എം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്കും ഇടുക്കി ജില്ലാ നേതൃത്വത്തിനും നിർദ്ദേശം നൽകി. സർക്കാരിനെതിരായ ആരോപണങ്ങളും ഇടുക്കിയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലുണ്ടായ തിരഞ്ഞെടുപ്പ് വിധി വലിയ കുരുക്കാണെന്നു കണ്ടാണ് നീക്കം. സ്റ്റേ കിട്ടിയില്ലെങ്കിൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും. 7847 വോട്ടിനായിരുന്നു രാജ വിജയിച്ചത്.

രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.സോമരാജൻ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി. താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്.

തമിഴ്‌നാട്ടിലെ ഹിന്ദു പറയൻ സമുദായക്കാരാണ് രാജയുടെ പൂർവികർ. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് ഇവർ കേരളത്തിൽ എത്തിയത്. രാജയുടെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നുവെന്നാണ് ആരോപണം. എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണ് വിധി. ക്രിസ്തുമതത്തിലേക്ക് മാറിയ രാജയ്ക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാനാവില്ലെന്നായിരുന്നു കുമാറിന്റെ വാദം. എന്നാൽ, കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിച്ചിട്ടില്ല.

മുൻ എം.എൽ.എ എസ്.രാജേന്ദ്രനുമായി ബന്ധപ്പെട്ട ഉൾപാർട്ടിപ്പോര് രൂക്ഷമായ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന സാഹചര്യം സി.പി.എം ആഗ്രഹിക്കുന്നില്ല. 2006 മുതൽ തുടർച്ചയായി ദേവികുളത്ത് നിന്ന് വിജയിച്ച രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ രാജയെ മത്സരിപ്പിച്ചത്. തുടർന്ന് രാജേന്ദ്രൻ ജില്ലാ നേതൃത്വവുമായി ഇടഞ്ഞു. രാജയെ തോല്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണവും പാർട്ടിയിലുയർന്നു. രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

സി.പി.എം പ്രതീക്ഷ

1.നേരത്തേ സമാനമായ കേസുകളിൽ കോൺഗ്രസ് എം.പിയായ കൊടിക്കുന്നിൽ സുരേഷിനും സി.പി.എമ്മിലെ തന്നെ പി.കെ.ബിജുവിനും സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധികൾ നേടിയെടുക്കാനായി

2.കിർത്താഡ്സിന്റെ രേഖകൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ അപാകതയില്ലെന്ന് തെളിയിക്കാനാകും

3.കുട്ടിക്കാലം മുതലുള്ള ആനുകൂല്യങ്ങൾക്കടക്കം സമർപ്പിച്ചിരിക്കുന്നത് പട്ടികജാതി വിഭാഗക്കാരനെന്ന നിലയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ

രേഖകളിൽ കൃത്രിമം: ഹൈക്കോടതി

 ക്രിസ്‌ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ കുണ്ടള സി.എസ്.ഐ പള്ളിയിലെ ഫാമിലി, ശവസംസ്കാര രജിസ്റ്ററുകളിൽ രാജയുടെ മാതാപിതാക്കളായ ആന്റണി, എസ്തർ എന്നിവരുടെ പേരുകൾ അൻപുമണി, എൽസി എന്നിങ്ങനെ തിരുത്തി. മുത്തച്ഛൻ ലക്ഷ്മണൻ എന്നപേര് എൽ. രമണൻ എന്നും മുത്തശ്ശി പുഷ്പയുടെ പേര് പുഷ്പമണിയെന്നും തിരുത്തി. കൃത്രിമം കാട്ടിയതാണെന്ന് വ്യക്തം.

നിലവിളക്കു കൊളുത്തിയും താലി കെട്ടിയും ഹിന്ദു മതാചാര പ്രകാരമാണ് തന്റെ വിവാഹം നടന്നതെന്ന് രാജ പറയുന്നുണ്ടെങ്കിലും തെളിവില്ല. ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങാണ് നടന്നതെന്ന് ഫോട്ടോകളിൽ വ്യക്തം.

വിവാഹ സമയത്ത് രാജ ഓവർകോട്ടും ഭാര്യ ക്രിസ്ത്യൻ വിവാഹ രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്. സത്യം മറച്ചു വയ്ക്കാനുള്ള ബോധപൂർവമായ ശ്രമം വ്യക്തമാണ്.

''രേഖകൾ തിരുത്തിയത് ഇന്ത്യൻ ശിക്ഷാ നിയമം192 പ്രകാരം കുറ്റകരമാണ്. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതിനായി ആർക്കും ഹൈക്കോടതിയെ സമീപിക്കാനാവും.

ടി.എ. അസഫ് അലി,

മുൻ പ്രോസിക്യൂഷൻ

ഡയറക്ടർ ജനറൽ

സഭയിൽ നിന്ന് മടങ്ങി

ഇന്നലെ രാവിലെ ചോദ്യോത്തരവേളയിൽ രാജ നിയമസഭയിൽ ഹാജരായിരുന്നു. വിധി വന്നതിനു പിന്നാലെ മടങ്ങി. സ്റ്റേ ലഭിക്കാതെ ഇനി സഭയിൽ ഹാജരാകാനാവില്ല. ലഭിച്ചാലും ഉപാധികളുണ്ടാകും. അതിനാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനാവില്ല. വോട്ടവകാശവുമുണ്ടാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.