
കൊച്ചി: വിധി പ്രസ്താവം കേട്ടശേഷം ദിലീപ് അനുജൻ അനൂപിനൊപ്പം നേരെ പോയത് അഡ്വ.ബി. രാമൻപിള്ളയുടെ എളമക്കരയിലെ വസതിയിലേക്ക്. കാലിന്റെ അസുഖത്താൽ വിശ്രമത്തിലായിരുന്ന രാമൻപിള്ളയെ കെട്ടിപ്പിടിച്ച് കവിളിലും കൈകളിലും മുത്തം നൽകി. അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയ ദിലീപ് അഭിഭാഷകർക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്തു.
കേസിൽ ദിലീപിനെ വേട്ടയാടുകയായിരുന്നുവെന്നും ഈ ഗൂഢാലോചനയ്‌ക്കു പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥയാണെന്നും രാമൻപിള്ള ആരോപിച്ചു. സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. തന്റെ അരനൂറ്റാണ്ടു കാലത്തെ അഭിഭാഷക ജീവിതത്തിനിടെ ഇതുപോലെ ഒരു തെളിവുമില്ലാത്ത കേസ് കണ്ടിട്ടില്ല. ആരും കൂറുമാറാത്ത ഈ കള്ളക്കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിനുവേണ്ടി തന്റെ കാലിന്റെ ശസ്ത്രക്രിയപോലും മാറ്റിവച്ചതായും രാമൻപിള്ള പറഞ്ഞു.
ക്രിമിനൽ അഭിഭാഷകരിലെ രാജാവ്
കേരളത്തിലെ ക്രിമിനൽ അഭിഭാഷകരിലെ കിരീടം വയ്‌ക്കാത്ത രാജാവാണ് ബി. രാമൻപിള്ള, വലിയ ഫീസ് വാങ്ങുന്നവരിൽ ഒരാളുമാണ്. അഭയ കേസ് പ്രതി ഫാ. തോമസ് കോട്ടൂർ, കന്യാസ്ത്രീ പീഡനക്കേസിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ സി.പി.എം നേതാക്കൾ, തൃശൂരിൽ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാം തുടങ്ങിയവർ ഉൾപ്പെടെയുള്ള, വിവാദമായ നിരവധി കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. കൂർമ്മബുദ്ധിയും അസാധാരണമായ ഓർമ്മശക്തിയും ക്രോസ് വിസ്താരത്തിലെ കൗശലവുമാണ് കരുത്ത്.
എറണാകുളത്തെ രണ്ടാം നിലയിലുള്ള ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഗോവണിപ്പടി കയറി എത്താൻ രാമൻപിള്ളയ്‌ക്ക് പ്രയാസമുണ്ടായപ്പോൾ വിചാരണ ഒരു ദിവസത്തേക്ക് താഴത്തെ മുറിയിലേക്കു മാറ്റിയ ചരിത്രവുമുണ്ട്. കൊച്ചിയിലെ പീതാംബരൻ വധക്കേസിലൂടെയാണ് ശ്രദ്ധേയനായത്. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |