തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ജയിലിലുണ്ടായിരുന്ന റിമാൻഡ് പ്രതി മരിച്ചു. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സെയ്‌ദ് മുഹമ്മദ് (55) ആണ് മരിച്ചത്. നെഞ്ച് വേദനയെത്തുടർന്ന് ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
40 ദിവസങ്ങൾക്ക് മുമ്പാണ് സെയ്‌ദിനെ ജയിലിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്നലെയും സെയ്‌ദിന് നെഞ്ചുവേദന ഉണ്ടായിരുന്നുവെന്നും ഇന്ന് രാവിലെ കുഴഞ്ഞുവീണത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ജയിൽ അധികൃതർ പറഞ്ഞു.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും ഉൾപ്പെടെ മൃതദേഹം പരിശോധിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും ഇന്നുതന്നെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. അവിടെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്ന ആളായിരുന്നു സെയ്‌ദ് മുഹമ്മദ്. അങ്ങനെയാണ് കാട്ടാക്കട പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റിയത്. സംഭവത്തിൽ ദുരൂഹതയൊന്നും കുടുംബം ആരോപിക്കുന്നില്ല. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തത വരികയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |