SignIn
Kerala Kaumudi Online
Wednesday, 14 January 2026 11.27 AM IST

ആഴ്ന്നിറങ്ങി ലഹരിവേര്; അകമ്പടിയായി സിനിമ

Increase Font Size Decrease Font Size Print Page
drug-mafia

മീശ മുളയ്‌ക്കാത്തവർ കാട്ടിക്കൂട്ടുന്ന അവിശ്വസനീയമായ അതിക്രൂര കൊലപാതകങ്ങൾ... കൊലവിളികൾ, ക്രൂരമർദ്ദനങ്ങൾ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഓരോദിവസവും കേൾക്കുന്ന സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളിൽ നടുങ്ങുകയാണ് മലയാളികൾ. ബാഗുകളിൽ ഇടിക്കട്ടകളും നഞ്ചക്കുമായി പോകുന്ന സ്കൂൾ കുട്ടികൾ നാളത്തെ പൗരന്മാരണെന്ന് തിരിച്ചറിയുമ്പോൾ സമൂഹമനഃസാക്ഷിക്ക് മുന്നിൽ ഒട്ടേറെ ചോദ്യങ്ങൾ.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കുഞ്ഞനുജനെയടക്കം അഞ്ചുപേരെ കൊന്നുതള്ളിയ 23കാരനായ അഫാനും താമരശേരിയിൽ വിദ്യാർത്ഥിയായ ഷഹബാസിനെ നഞ്ചക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കൂട്ടവും സമൂഹത്തെ ഞെട്ടലിലാക്കിയിരിക്കുകയാണ്. അക്രമങ്ങൾക്കു പിന്നിൽ 25 വയസിന് താഴെയുള്ളവരാണെന്ന് അറിയുമ്പോൾ മാതാപിതാക്കളുടെ ഉള്ളിൽ ആന്തലാണ്. സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയ ലഹരി മാഫിയകൾ, അതിക്രൂര മർദ്ദനവും കൊല്ലുംകൊലയും മഹത്വവത്കരിക്കുന്ന സിനിമകളുമാണ് നിലവിലെ ഈ അസാധാരണ സ്ഥിതിക്ക് കാരണം.

 പിടിച്ചുകെട്ടണം ലഹരിവേരുകളെ

1980- 90കളിൽ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ലഹരിമാഫിയ അദൃശ്യമായി പ്രവർത്തിച്ചിരുന്നത്. 2000ലേക്ക് കടന്നതോടെ സ്കൂളുകളിലേക്കും ഇവരുടെ വേരുകളെത്തി. സ്കൂളുകളിൽ യഥേഷ്ടം മയക്കുമരുന്നുകൾ ലഭിക്കുന്ന നിലയിലേക്ക് വേരുകളാഴ്ന്നു. കഴിഞ്ഞദിവസം കാസർകോട് പത്താംക്ലാസ് വിദ്യാർത്ഥികളുടെ സെന്റ് ഓഫിന് ലഹരിപ്പാർട്ടി ഒരുക്കിയത് ഒരു ഉദാഹരണം മാത്രം. സ്‌കൂളിൽ കഞ്ചാവെത്തിച്ചാണ് വിദ്യാർത്ഥികൾ പരിപാടി ആഘോഷമാക്കിയത്. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസെത്തി നടപടി സ്വീകരിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടികൂടി. പത്തോളം കുട്ടികൾ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ കളനാട് സ്വദേശി സമീറിനെ (34) അന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തു. ആദ്യം സിഗരറ്റ് നൽകിയാണ് കുട്ടികളെ വീഴ്ത്തുന്നത്. പതിയെ കഞ്ചാവും രാസലഹരിയും കൈമാറും. മയക്കുമരുന്ന് ഇല്ലാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതി എത്തുന്നതോടെ പണം ആവശ്യപ്പെടും. വീട്ടിൽ നിന്ന് കള്ളംപറഞ്ഞ് പണംവാങ്ങി നൽകും. പണംകിട്ടാതാകുമ്പോൾ ഇടനിലക്കാരാകാൻ പോലും ഇവർ തയ്യാറാകുമെന്നാണ് അറസ്റ്റിലായ പല ലഹരിക്കച്ചവടക്കാരുടെയും മൊഴി.

 വളമിടുന്ന സിനിമകൾ

യുവാക്കളിലെ ലഹരി ഉപയോഗവും അക്രമവാസനയും ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങളും സമൂഹവും പാടുപെടുമ്പോൾ, ക്രൂരതകൾക്കും ലഹരി ഉപയോഗത്തിനും അമിതപ്രാധാന്യം നൽകി വളമിടുകയാണ് സിനിമകൾ. പോയവർഷം കോടികൾ വാരിക്കൂട്ടിയ സിനിമകളിൽ പലതും അതിക്രൂര മർദ്ദനങ്ങളെയും ലഹരി ഉപയോഗത്തെയും മഹത്വവത്കരിക്കുന്നവയായിരുന്നു. തുടക്കം മുതൽ ഒടുക്കംവരെ തല്ലിന് പ്രാധാന്യം നൽകിയ സിനിമയും ഇക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം യുവാക്കളിൽ തരംഗമായതോടെയാണ് ഇതേ ചേരുവയിൽ പുതിയ സിനിമകൾ ഈവർഷവും എത്തിയത്.

വയലൻസിന് പ്രാധാന്യംനൽകി ഒരുക്കിയ മലയാള സിനിമ 50 കോടി വരുമാനം നേടിയത് ആഴത്തിൽ ചിന്തിപ്പിക്കുന്നു. സംസ്ഥാനത്ത് 40 ശതമാനം കുറ്റകൃത്യങ്ങളും ചെയ്യുന്നത് 18നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് പഠനം. കുട്ടിക്കാലത്തെ സാഹചര്യങ്ങൾ, മാതാപിതാക്കളുടെ സ്വാധീനം, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ വലിയരീതിയിൽ ബാധിക്കും. ഇതുപോലെ സിനിമകളും സ്വാധീനം ചെലുത്തുന്നു. വായിക്കുകയോ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ പകരം യുവത മൊബൈൽ ഫോണുകൾക്കും മറ്റും അടിമകളാകുകയാണ്.

(തുടരും)

നാളെ: ഉറവിടത്തിലെത്താത്ത

അന്വേഷണങ്ങൾ

TAGS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.