
ഇൻഡ്യാനപൊളിസ്: യുഎസിലെ ഇൻഡ്യാനയിൽ 140 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യൻ വംശജർ പിടിയിൽ. ട്രക്ക് ഡ്രൈവർമാരായ ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 58 കോടി രൂപ (ഏഴ് മില്യൺ ഡോളർ) വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഹൈവേയിൽ നടന്ന സാധാരണ പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ട്രക്കിലെ സ്ലീപ്പർ ബെർത്തിൽ പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർഡ്‌ബോർഡ് ബോക്സുകൾ. പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ബോക്സിനുള്ളിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്. 1,13,000ത്തിലധികം അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കാൻ ശേഷിയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയതെന്ന് ഹോംലാൻഡ് സുരക്ഷാ വിഭാഗം അറിയിച്ചു.
അറസ്റ്റിലായവർ അനധികൃതമായാണ് അമേരിക്കയിൽ കുടിയേറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2023 മാർച്ചിലാണ് അരിസോണ വഴി ഗുർപ്രീത് സിംഗ് യുഎസിലേക്ക് കടന്നത്. 2017 മാർച്ചിൽ കാലിഫോർണിയ വഴി ജസ്വീർ സിംഗും അനധികൃതമായി രാജ്യത്തേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു മോഷണക്കേസിലും ഇയാൾ പിടിയിലായിരുന്നു.
തങ്ങൾ ജോലി ചെയ്യുന്ന കമ്പനിയുടെ നിർദ്ദേശപ്രകാരം ഒരു ഇന്ത്യൻ റെസ്റ്റോറന്റിന് സമീപം വണ്ടി പാർക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും, ട്രക്കിനുള്ളിൽ മയക്കുമരുന്നാണെന്ന് അറിയില്ലെന്നുമാണ് പ്രതികളുടെ മൊഴി. നിലവിൽ പുട്ട്നം കൗണ്ടി ജയിലിൽ കഴിയുന്ന ഇവർക്കെതിരെ മയക്കുമരുന്ന് കടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്താനാണ് അധികൃതരുടെ നീക്കം.
സംഭവത്തെത്തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെതിരെ രൂക്ഷ വിമർശനവുമായി ഹോംലാൻഡ് സെക്യൂരിറ്റി രംഗത്തെത്തി. അനധികൃതമായി കുടിയേറുന്നവർക്ക് കമേഴ്ഷ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന കാലിഫോർണിയയുടെ നയമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് അവർ ആരോപിച്ചു. മുൻപ് അറസ്റ്റിലായപ്പോൾ ഇവർക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയ്യാറാകാത്തത് അമേരിക്കക്കാരുടെ ജീവിതം അപകടത്തിലാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |