
രാധാകൃഷ്ണന് നിർബന്ധിത വിരമിക്കൽ നൽകിയത് 5 വർഷം സർവീസുള്ളപ്പോൾ
ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വർണക്കടത്ത് കേസടക്കം അന്വേഷിച്ച ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറും മലയാളിയുമായ പി.രാധാകൃഷ്ണന് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സർക്കാർ പുറത്താക്കി. കൊച്ചിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ കേസുകൾ ഒതുക്കിത്തീർക്കാൻ ഇടനിലക്കാർ വഴി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയാണ് ജോലി തെറിപ്പിച്ചത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ച സംഘത്തിലും അംഗമായിരുന്നു. അഞ്ചു വർഷംകൂടി സർവീസ് ഉണ്ടായിരുന്നു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
നിർബന്ധിത വിരമിപ്പിക്കലിനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി അംഗീകരിച്ചത്. ഉത്തരവിൽ കൈക്കൂലി, തന്ത്രപ്രധാന വിവരങ്ങൾ ചോർത്തൽ, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവ എടുത്തുപറയുന്നുണ്ട്. ഡിസ്മിസ് ചെയ്യാതെ, വിരമിക്കാൻ അനുവദിച്ചതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ഇ.ഡി ഉദ്യോഗസ്ഥർ സർക്കാരുമായി ഒത്തുകളിക്കുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. റെയ്ഡ് വിവരങ്ങൾ ഇടനിലക്കാർ വഴി ചോർത്തി നൽകിയെന്നും അത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കിയെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ 30 കോടി രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷും ആരോപിച്ചിരുന്നു.
കശുഅണ്ടി വ്യവസായിയുടെ
പരാതി കണ്ണുതുറപ്പിച്ചു
1. ആഭ്യന്തര അന്വേഷണത്തിന് നിമിത്തമായത് കേസ് ഒതുക്കാൻ കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥർ ഇടനിലക്കാർ വഴി രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന കൊല്ലത്തെ കശുഅണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയാണ്. അസി. ഡയറക്ടർ ശേഖർകുമാറിനും രാധാകൃഷ്ണനും എതിരെയായിരുന്നു ആരോപണം. ഇതോടെ രണ്ടുപേരെയും ശ്രീനഗറിലേക്ക് മാറ്റി. രാധാകൃഷ്ണന്റെ പേര് പരാതിക്കാരൻ പിന്നീട് ഒഴിവാക്കിയതിനാൽ സംസ്ഥാന വിജിലൻസിന്റെ കേസിൽ പ്രതിയായില്ല.
2. നയതന്ത്ര സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ സ്ഥാനക്കയറ്റം നൽകി ചെന്നൈയിലേക്ക് മാറ്റിയെങ്കിലും അതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ മറ്റ് കേസുകളിൽ അന്വേഷണം ബാക്കിയുണ്ടെന്നായിരുന്നു വാദം. വിധി എതിരായതോടെ ചെന്നൈയ്ക്ക് പോയെങ്കിലും മാസങ്ങൾക്കകം തിരിച്ചുവന്നു. പിന്നീടാണ് കശുവണ്ടി വ്യവസായിയുടെ പരാതി വന്നത്.
>
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |