
പുതുക്കാട് : രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ഇന്ത്യക്കാരിയായ ലലാനി സുജീവ തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും. ശ്രീലങ്കൻ പൗരത്വമുള്ള പുതുക്കാട് പഞ്ചായത്തിലെ വളഞ്ഞൂപ്പാടത്ത് താമസിക്കുന്ന ലലാനി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യക്കാരിയായത്. പഞ്ചായത്ത് അംഗമായ രശ്മി ശ്രീശോഭിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ആ പൗരത്വം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയ രശ്മി ഇവർക്ക് വോട്ട് ഇല്ലെന്നറിഞ്ഞപ്പോൾ ജയിച്ചാൽ പൗരത്വത്തിനായി പരിശ്രമിക്കാമെന്ന് വാക്ക് നൽകിയിരുന്നു. വിജയിച്ച രശ്മി വാക്ക് പാലിച്ചു. രശ്മിയുടെ നേതൃത്വത്തിൽ അപേക്ഷ അയച്ചു. തടസം നേരിട്ടതോടെ കേന്ദ്രസഹമന്ത്രിയായിരുന്ന വി.മുരളിധരനെ നേരിൽക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. കളക്ടറേറ്റിലെത്തി പൗരത്വം സ്വീകരിക്കാനും ഒടുവിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കാനും രശ്മി കൂടെ നിന്നു.
വളഞ്ഞൂപ്പാടം സ്വദേശി ബൈജു ഗൾഫിൽ വെച്ചാണ് ലലാനിയെ പരിചയപ്പെടുന്നത്. പരിചയം വിവാഹത്തിലെത്തി. 2001ൽ ഇരുവരും ശ്രീലങ്കയിലെത്തി ലലാനിയുടെ രക്ഷിതാക്കളുടെ ആശീർവാദത്തോടെ സിംഹള ആചാര പ്രകാരം വിവാഹം കഴിച്ചു. തിരിച്ചെത്തി പുതുക്കാട് വളഞ്ഞൂപ്പാടത്ത് താമസമാരംഭിച്ചു. ബൈജു ഇപ്പോഴും ഗൾഫിലാണ്. ഇതിനിടെ മകൻ പിറന്നു. ഓരോ തവണ വിസ പുതുക്കുമെങ്കിലും പൗരത്വം ലഭിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല. കുറെക്കാലം താമസിച്ചാൽ ഇവിടത്തുകാരിയാകുമെന്നാണ് വിശ്വസിച്ചിരുന്നത്. പൗരത്വം ലഭ്യമാക്കാൻ കൂടെ നിൽക്കാനായതിൽ നിറഞ്ഞ സംതൃപ്തിയുണ്ടെന്ന്
രശ്മി ശ്രീശോഭ് പറഞ്ഞു.
``ഒരിക്കൽ ശ്രീലങ്കയിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത്. സന്തോഷം തോന്നുന്നു.``
-ലലാനി സുജീവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |