കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിംഗിനായി എത്തിച്ച് കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റ പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണ്. കണ്ടെത്തിയ ആനയെ തിരികെ ലോറിയിൽ കയറ്റി.
കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റിൽ ശാന്തനായി നിന്നിരുന്ന സാധു പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. മറ്റുളള ആനകൾ ബഹളമുണ്ടാക്കിയതോടെ ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാപ്രവർത്തകരും ഓടിരക്ഷപ്പെടുകയായിരുന്നു. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ആനകളെ കൊണ്ടുവന്നത്. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനാനകളെയുമാണ് ഷൂട്ടിംഗിനായി എത്തിച്ചത്. മണികണ്ഠൻ എന്ന ആനയുടെ കുത്തേറ്റതോടെ വിരണ്ടാണ് സാധു കാട്ടിലേക്ക് പോയത്. ഇന്നലെ രാത്രി പത്ത് മണിവരെ ആനയ്ക്കായി തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിലാണ് സാധുവിനെ കണ്ടെത്തിയത്.
തൃശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിദ്ധ്യമാണ് പുതുപ്പളളി സാധു. സിനിമ അഭിനയമാണ് 52 വയസുള്ള ഈ കൊമ്പനെ കൂടുതൽ പ്രശസ്തനാക്കിയത്. തമിഴ്- തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. ഇങ്ങനെ വനംവകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |