തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
'മഹാനായ അച്ഛന്റെ ജീവിതാദർശങ്ങളെ മുറുകെപ്പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇ എം എസിന്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു അവർ. ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര.ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു'- മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്നുപുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ വസതിയിലായിരുന്നു ഡോ. മാലതി ദാമോദരന്റെ അന്ത്യം. 87 വയസായിരുന്നു. പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്.വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധയായി മാലതി സേവനം അനുഷ്ഠിച്ചിരുന്നു. അവിടെനിന്ന് വിരമിച്ചശേഷം ദീർഘകാലം തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. മക്കൾ: പ്രൊഫ. സുമംഗല (ഡൽഹി യൂണിവേഴ്സിറ്റി അദ്ധ്യാപിക), ഹരീഷ് ദാമോദരന്‍ (ഇന്ത്യൻ എക്സ്പ്രസ് റൂറൽ എഡിറ്റർ).മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |